തന്നെ മർദിച്ച ക്വട്ടേഷൻ സംഘത്തിനെതിരെ പരാതിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്; ആക്രമിച്ചത് സദാചാര പൊലീസെന്ന് പ്രചാരണം
text_fieldsതിരുവല്ല: ആറംഗ സംഘം ആക്രമിച്ച സംഭവത്തിൽ പരാതിയില്ലെന്ന് പത്തനംതിട്ട കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സഞ്ജു. മൊഴിയെടുക്കാനെത്തിയ ചെങ്ങന്നൂര്‍ എസ്.ഐ അഭിലാഷിനോടാണ് കേസിന് താല്‍പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചത്. ക്വട്ടേഷന്‍ സംഘം ആക്രമിച്ചതില്‍ പരാതിയില്ലെന്നും കേസും വഴക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, സംഭവം പുറത്തുവന്നതിന് പിന്നാലെ മര്‍ദിച്ചത് ക്വട്ടേഷന്‍ സംഘമല്ലെന്നും സദാചാര പൊലീസാണെന്നും വാര്‍ത്ത പരന്നിരുന്നു.
ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ ചെങ്ങന്നൂര്‍ പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ പ്രാവിന്‍കൂട് ജങ്ഷൻ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. മൂന്നു ബൈക്കിലെത്തിയ ആറംഗ സംഘം തന്നെ കാര്‍ തടഞ്ഞ് മര്‍ദിച്ചുവെന്നും തലയ്ക്ക് ഇരുമ്പ് വടി കൊണ്ട് അടിച്ചുവെന്നുമായിരുന്നു സഞ്ജു പറഞ്ഞത്. തലയ്ക്ക് സാരമായി പരിക്കേറ്റ സഞ്ജു ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
അതേസമയം, സഞ്ജുവിന്റെ പ്രാഥമിക മൊഴിയില്‍ പൊരുത്തക്കേടുകളുള്ളതായും പറയുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റുവെന്നും ആക്രമിച്ചവരെ മുന്‍പ് കണ്ടിട്ടില്ലെന്നുമാണ് സഞ്ജു പറഞ്ഞിരുന്നത്. എന്നാല്‍ പ്രാവിന്‍കൂട്ടില്‍ ഇങ്ങനെ ഒരു സംഭവം നടന്നതായി പ്രദേശവാസികള്‍ക്ക് അറിയില്ലെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
സുഹൃത്തായ ബ്യൂട്ടീഷ്യനുമായുള്ള ബന്ധത്തിന്റെ പേരിലുള്ള ആക്രമണമാണ് സഞ്ജുവിന് നേരെയുണ്ടായത് എന്ന് സി.പി.എമ്മിലെ എതിര്‍പക്ഷം പ്രചരിപ്പിക്കുകയും ചെയ്തു. പ്രതികളെ എത്രയും വേഗം കണ്ടെത്താന്‍ പാര്‍ട്ടി തലത്തില്‍ സമ്മര്‍ദം ചെലുത്താനും എതിരാളികള്‍ പദ്ധതിയിട്ടു. പൊലീസ് പ്രതികളെ കണ്ടെത്തിയാല്‍ അത് രാഷ്ട്രീയ ഭാവിക്ക് തടസമാകുമെന്ന് കണ്ടാണ് മർദിച്ചവർക്കെതിരെ പരാതി നൽകാത്തതെന്നും ഇവർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.