ലീഗ് അംഗം വിട്ടുനിന്നു; വെളിനല്ലൂരിൽ എൽ.ഡി.എഫിനെതിരായ അവിശ്വാസം പരാജയപ്പെട്ടു
text_fieldsഓയൂർ: മുസ്ലിം ലീഗിന്റെ രണ്ടംഗങ്ങളിൽ ഒരാൾ വിട്ടുനിന്നതോടെ വെളിനല്ലൂർ പഞ്ചായത്തിൽ എൽ.ഡി.എഫിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വാറം തികയാത്തതിനാൽ പരാജയപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെയാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
ജൂൺ ആറിനാണ് മുസ്ലിം ലീഗ് ഉൾപ്പെടെ യു.ഡി.എഫ് പ്രതിനിധികൾ ബ്ലോക്ക് സെക്രട്ടറിക്ക് അവിശ്വാസ പ്രമേയത്തിന് കത്ത് സമർപ്പിച്ചത്. പഞ്ചായത്തിൽ 17 വാർഡാണുള്ളത്. എൽ.ഡി.എഫിന് എട്ട്, വെൽഫെയർ പാർട്ടി ഉൾപ്പെടുന്ന യു.ഡി.എഫിന് ഏഴ്, ബി.ജെ.പി രണ്ട് എന്നിങ്ങനെയായിരുന്നു മുമ്പ് സീറ്റ് നില. മുളയറച്ചാൽ വാർഡിലെ എൽ.ഡി.എഫ് അംഗം അമൃത് മരിച്ചതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിനിധി നിസാർ വട്ടപ്പാറ വിജയിച്ചു. ഇതോടെ എൽ.ഡി.എഫ് -ഏഴ്, യു.ഡി.എഫ് -എട്ട് എന്ന നിലയിലേക്ക് മാറി. തുടർന്നാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയത്തിൽനിന്ന് ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നു.
യു.ഡി.എഫ് ഘടകക്ഷിയായ മുസ്ലിം ലീഗിന്റെ വട്ടപ്പാറ വാർഡംഗമാണ് വിട്ടുനിന്നത്. ഇതു മൂലം ക്വാറം തികയാഞ്ഞതിനാൽ പ്രമേയം ചർച്ചക്കെടുത്തതുമില്ല. അസുഖംമൂലമാണ് അംഗം എത്താതിരുന്നതെന്ന് ലീഗ് വൃത്തങ്ങൾ പറയുന്നു.
അവസാനനിമിഷം വരെ യു.ഡി.എഫ്; ഒടുവില്‍ ഭരണം നിലനിര്‍ത്തി എല്‍.ഡി.എഫ്
ഓയൂര്‍: വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം അവിശ്വാസത്തിലൂടെ എല്‍.ഡി.എഫില്‍ നിന്ന് തിരിച്ച് പിടിക്കാമെന്നുള്ള യു.ഡി.എഫ് കണക്കൂട്ടലുകള്‍ പൊളിഞ്ഞത് അവസാന നിമിഷം. വെളിനല്ലൂര്‍ പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി ഭരണം പിടിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ്.
പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെയാണ് യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ആരോഗ്യപ്രശ്നം മൂലമാണ് മുസ്ലിം ലീഗ് മെംബര്‍ വിട്ടുനിന്നതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കോണ്‍ഗ്രസുമായുള്ള അസ്വാരസ്യങ്ങളും മുസ്ലിം ലീഗിന് വേണ്ട രീതിയില്‍ യു.ഡി.എഫില്‍നിന്ന് പരിഗണന ലഭിക്കുന്നില്ലെന്നതുമാണ് മുസ്ലിം ലീഗ് അംഗത്തിന്റെ പിന്മാറ്റത്തിനുപിന്നിലെന്നാണ് സൂചന.
പഞ്ചായത്തിലെ പ്രധാന വിഷയങ്ങളിലൊന്നായ മുളയറച്ചാലിലെ ഇറച്ചിമാലിന്യ പ്ലാന്റിനെതിരെ യു.ഡി.എഫ് റിലേ സമരം സംഘടിപ്പിക്കുകയും ഇത് ജനശ്രദ്ധയാകര്‍ഷിക്കുകയും സമരം വിജയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുളയറച്ചാല്‍ വാര്‍ഡില്‍ നടന്ന ഉപതരഞ്ഞെടുപ്പില്‍ ഇടത് കോട്ട തകര്‍ത്ത് കോണ്‍ഗ്രസ് അട്ടിമറി ജയം കരസ്ഥമാക്കിയിരുന്നു. ഈ വിജയം കോണ്‍ഗ്രസിന് നല്കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.
എല്‍.ഡി.എഫ്-എട്ട്, യു.ഡി.എഫ് -എട്ട്, ബി.ജെ.പി -ഒന്ന് എന്നതായിരുന്നു കക്ഷിനില. അവിശ്വാസത്തില്‍ ബി.ജെ.പി പങ്കെടുത്തിരുന്നില്ല. അവിശ്വാസം നടക്കുന്നതിന് തൊട്ടുമുമ്പ് വരെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ് അംഗങ്ങള്‍. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും മുസ്ലിംലീഗ് അംഗം എത്താഞ്ഞതോടെ ഭരണം നിലനിര്‍ത്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങുകയും ചെയ്തു. യു.ഡി.എഫിലെ പടലപ്പിണക്കങ്ങളും അമിത ആത്മവിശ്വാസവുമാണ് അവിശ്വാസത്തില്‍ യു.ഡി.എഫ് പരാജയപ്പെടാന്കാരണം. വെളിനെല്ലൂർ അവിശ്വാസത്തില്‍ നിന്ന് ലീഗ് അംഗം വിട്ടുനിന്നത് വരും ദിവസങ്ങളിലും ചര്‍ച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.