അവിശ്വാസ പ്രമേയം പാസായി; മൂവാറ്റുപുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പുറത്ത്
text_fieldsമൂവാറ്റുപുഴ: മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനും നാടകീയ രംഗങ്ങൾക്കും ഒടുവിൽ മൂവാറ്റുപുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷക്കെതിരെ ഭരണ സമിതിയിലെതന്നെ വനിത അംഗം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ചെയർപേഴ്സൻ രാജശ്രീ രാജുവിനെതിരെ കോൺഗ്രസിലെ പ്രമീള ഗിരീഷ് കുമാറാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
അഞ്ചംഗ സ്ഥിരം സമിതിയിൽ മൂന്നംഗങ്ങൾ പിന്തുണച്ചു. ചെയർപേഴ്സൻ രാജശ്രീ രാജുവും കോൺഗ്രസിലെ ബിന്ദു ജയനും യോഗത്തിൽ പങ്കെടുത്തില്ല. സി.പി.എമ്മിലെ നെജില ഷാജിയും സി.പി.ഐയിലെ മീരാകൃഷ്ണനും പ്രമേയം കൊണ്ടുവന്ന കോൺഗ്രസിലെ പ്രമീള ഗിരീഷ് കുമാറും പിന്തുണച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് ബന്ധവസിലായിരുന്നു നഗരസഭ ഓഫിസും പരിസരവും.
സ്ഥലത്ത് എത്തിയ ഒരുവിഭാഗം യു.ഡി.എഫ് അംഗങ്ങൾ രാജശ്രീ രാജിവെച്ചുവെന്നും പ്രമേയം ചർച്ചക്ക് എടുക്കേണ്ടെന്നും ചൂണ്ടിക്കാട്ടി ബഹളംവെച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. 12 മണിയോടെ കൗൺസിൽ ഹാളിൽ എത്തിയ വരണാധികാരിക്കുമുന്നിലും ഇവർ ഇക്കാര്യം ചൂണ്ടിക്കാട്ടി. നഗരസഭ സൂപ്രണ്ടിന് രാജി നൽകിയിട്ടുണ്ടെന്നും അതിനാൽ പ്രമേയം ചർച്ച ചെയ്യേണ്ടതില്ലെന്നും ഇവർ വിശദീകരിച്ചു.
എന്നാൽ, രാജിനൽകേണ്ട നിബന്ധന പാലിച്ചില്ലെന്ന് വരണാധികാരി പറഞ്ഞു. സെക്രട്ടറി സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ രാജി സൂപ്രണ്ടിന് സ്വീകരിക്കാൻ അധികാരമുണ്ടെന്ന് ഭരണപക്ഷ കൗൺസിലർമാർ വാദിച്ചെങ്കിലും പ്രമേയം ചർച്ചക്ക് എടുക്കുകയായിരുന്നു. ബി.ജെ.പി പിന്തുണയോടെ വിജയിച്ച രാജശ്രീ രാജുവിനെ സ്ഥിരംസമിതി ചെയർപേഴ്സൻ ആക്കാൻ യു.ഡി.എഫ് തീരുമാനിച്ചതുമുതൽ പ്രമീള പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു.
പ്രമീള അടക്കം മൂന്ന് യു.ഡി.എഫ് അംഗങ്ങൾക്കും പ്രമേയ ചർച്ചയിൽനിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് നേതൃത്വം വീപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ചാണ് പൊലീസ് സംരക്ഷണയിൽ പ്രമീള രാവിലെ കൗൺസിൽ ഹാളിലെത്തിയത്. നഗര കാര്യ ഡെപ്യൂട്ടി ഡയറക്ടർ അരുൺ രങ്കൻ വരണാധികാരിയായി. ക്ഷേമകാര്യസ്ഥിരം സമിതിയിൽ വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ നഗരസഭ ചെയർമാൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് ആർ. രാഗേഷ് ആവശ്യപ്പെട്ടു.
രാജിക്കത്ത് പരിഗണിച്ചില്ലെന്ന് യു.ഡി.എഫ്
മൂവാറ്റുപുഴ: ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി യു.ഡി.എഫ് കൗൺസിലർമാർ. മൂവാറ്റുപുഴ നഗരസഭയിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷക്കെതിരെ അവിശ്വാസപ്രമേയം ചർച്ചക്ക് എടുക്കും മുമ്പേ രാജിക്കത്ത് സമർപ്പിച്ചിട്ടും ഇത് സ്വീകരിക്കാതെ അവിശ്വാസം ചർച്ചക്കെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വൈസ് ചെയർപേഴ്സൻ സിനി ബിജു, സ്ഥിരം സമിതി അധ്യക്ഷരായ അജി മുണ്ടാട്ട്, ജോസ് കുര്യാക്കോസ് എന്നിവർ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 10.45ഓടെ തപാൽ വഴിയും രാജശ്രീ രാജുവിന്‍റെ സഹോദരൻ വഴിയും രാജിക്കത്ത് സെക്രട്ടറിയുടെ ചുമതലയിലുള്ള സൂപ്രണ്ടിന് കൈമാറിയതായി അവർ പറഞ്ഞു. സെക്രട്ടറി സർക്കാർ നിർദേശപ്രകാരം തിരുവനന്തപുരത്ത് മീറ്റിങ്ങിൽ പങ്കെടുക്കുന്നതിനാൽ സെക്രട്ടറിയുടെ ചുമതല സൂപ്രണ്ടിന് നൽകിയിരുന്നു.
ഈ സാഹചര്യത്തിലാണ് രാജിക്കത്ത് സൂപ്രണ്ടിന് കൈമാറിയത്. ഇക്കാര്യങ്ങൾ വരണാധികാരിയായ ആർ.ജെ.ഡി അരുൺ രങ്കനെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കാൻ തയാറായില്ല. സൂപ്രണ്ട് ഇത് ബോധ്യപ്പെടുത്താനും തയാറായില്ല. കത്ത് കിട്ടിയ വിവരം മറച്ചുവെക്കുന്ന സമീപനമാണ് ഉണ്ടായത്. ജനാധിപത്യസംവിധാനം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.