അർധബോധാവസ്ഥയിൽ ലൈംഗികബന്ധത്തിനുള്ള സമ്മതം അനുമതിയായി കാണാനാവില്ല -ഹൈകോടതി
text_fieldsകൊച്ചി: അർധബോധാവസ്ഥയിൽ ലൈംഗികബന്ധത്തിന് സമ്മതിച്ചത് ഇരനൽകിയ അനുമതിയായി കണക്കാക്കാനാവില്ലെന്ന് ഹൈകോടതി. കോളജ് വിദ്യാർഥിനിക്ക് ലഹരിപാനീയം നൽകിയശേഷം അർധബോധാവസ്ഥയിലായിരിക്കെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ സീനിയർ വിദ്യാർഥിയുടെ മുൻകൂർ ജാമ്യഹരജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം.
2022 നവംബർ 18ന് കോളജിൽവെച്ചാണ് പട്ടിക വിഭാഗക്കാരിയായ തന്നെ പ്രതി പീഡിപ്പിച്ചതെന്ന് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. പ്രതിയും പെൺകുട്ടിയും പ്രേമത്തിലായിരുന്നു. ഇയാൾ ആവശ്യപ്പെട്ടപ്രകാരം സംഭവ ദിവസം ഉച്ചയോടെ ലൈബ്രറിയിലെത്തിയപ്പോൾ പ്രതിയും കൂട്ടുകാരും മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുകയായിരുന്നു. പെൺകുട്ടിയോട് പുകവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ല. തുടർന്ന് കേക്കും കുടിക്കാൻ വെള്ളവും നൽകി. ഇതോടെ തന്റെ ബോധം മറഞ്ഞെന്നും കോളജിന്റെ മുകൾ നിലയിലേക്ക് തന്നെ കൊണ്ടുപോയി പ്രതി പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടിയുടെ മൊഴി.
ഡിസംബർ ഏഴുവരെ പലപ്പോഴായി പീഡനം തുടർന്നു. ഡിസംബർ 30ന് പ്രതിയുടെ മുറിയിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടപ്പോൾ പോകാത്തതിന്റെ പേരിൽ പ്രണയബന്ധത്തിൽനിന്ന് പിന്മാറിയെന്നും രാമമംഗലം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എറണാകുളത്തെ പ്രത്യേക കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
അതേസമയം, പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് ഉണ്ടായതെന്നും പ്രണയബന്ധത്തിൽനിന്ന് പിന്മാറിയതിനെ തുടർന്നാണ് പെൺകുട്ടി പരാതി നൽകിയതെന്നുമായിരുന്നു പ്രതിയുടെ വാദം. പ്രതിയും പെൺകുട്ടിയും തമ്മിലുള്ള മൊബൈൽ സംഭാഷണത്തിന്റെ വിവരങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഈ ഘട്ടത്തിലാണ് അർധ ബോധാവസ്ഥയിലുള്ള സമ്മതം അനുമതിയായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.