25 സെൻറ് വരെയുള്ള ഭൂമിക്ക് തരംമാറ്റാൻ ഫീസ് വേണ്ട
text_fieldsകോഴിക്കോട്: ഭൂമിയുടെ തരംമാറ്റലിന് ഫീസ് നിരക്കിൽ മാറ്റം.
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമവും ചട്ടങ്ങളും വകുപ്പു പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്തുന്നതിനായുള്ള ഫീസ് നിരക്കിലാണ് മാറ്റം. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ തരം മാറ്റുന്നതിനുള്ള ഫീസ് ഏകീകരിച്ചിട്ടുമുണ്ട്.
പുതിയ ഉത്തരവ് പ്രകാരം 25 സെൻറ് വരെ തരംമാറ്റം സൗജന്യമായി അനുവദിക്കും. നേരത്തേ അഞ്ച് സെൻറ് വരെയുള്ള ഭൂമി തരം മാറ്റാൻ ഫീസ് വേണ്ടിയിരുന്നില്ല.
2017 ഡിസംബർ 30 വരെ ഒന്നായിക്കിടന്ന ഭൂമി അതിനു ശേഷം തിരിച്ച് 25 സെേൻറാ അതിന് താഴെയോ വിസ്തീർണമുള്ള പ്ലോട്ടുകളാക്കിയിട്ടുണ്ടെങ്കിൽ അവക്ക് പുതിയ ഉത്തരവ് പ്രകാരമുള്ള സൗജന്യം ബാധകമല്ല.
25 സെൻറിന് മുകളിൽ ഒരേക്കർ വരെയുള്ള ഭൂമിക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റി, കോർപറേഷൻ വ്യത്യാസമില്ലാതെ ന്യായവിലയുടെ പത്ത് ശതമാനം ഫീസ് നൽകണം. സെൻറിന് ഒരു ലക്ഷം വില കണക്കാക്കുന്ന ഭൂമിക്ക് പതിനായിരം രൂപ തരം മാറ്റാൻ ഫീസ് നൽകണം.
ഒരു ഏക്കറിന് മുകളിലുള്ള ഭൂമിക്ക് കേരളത്തിലെ ഏതു പ്രദേശത്തും ഭൂമിയുടെ തരംമാറ്റാൻ ന്യായവിലയുടെ 20 ശതമാനമാണ് ഫീസ്. തരം മാറ്റിയ ഭൂമിയിലുള്ള കെട്ടിടത്തിന് നിലവിലുള്ള നിരക്ക് തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കി.
ഭൂമി തരം മാറ്റുന്നതിനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ഭൂമിയുടെ ന്യായവില സംബന്ധിച്ച തടസ്സവാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാതിരിക്കുകയോ നിരസിക്കുകയോ ചെയ്യാന്‍ പാടില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നിയമസഭയില്‍ പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.