പൂക്കോയ തങ്ങൾ പറഞ്ഞു``മാർക്‌സിസ്റ്റ് പാർട്ടിയുമായി കൂട്ടുകൂടാൻ മരണം വരെ എന്നെ കിട്ടില്ല'' അതാണ് നിലപാടെന്ന് കെ.പി.എ മജീദ്
text_fieldsമൂസ്‍ലിം ലീഗിലെ ഒരു വിഭാഗം സി.പി.എമ്മുമായി അടുക്കുകയാണെന്നുള്ള പ്രചാരണം നടക്കുന്നതിനിടെ മുതിർന്ന മുസ്‍ലിം ലീഗ് നേതാവ് കെ.പി.എ മജീദിെൻറ ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാവുകയാണ്. 1974ൽ പി.എം.എസ്.എ പൂക്കോയ തങ്ങൾ കമ്മ്യൂണിസത്തോടുള്ള നിലപാട് വ്യക്തമാക്കിയതാണെന്ന് കെ.പി.എ മജീദ് എഴുതുന്നു. ഒപ്പം, അതിന് എന്നെ കിട്ടില്ലെന്ന തലവാചകത്തോടെയുള്ള പഴയ പത്രവാർത്തയും പോസ്റ്റ് ചെയ്തിരിക്കുന്നു.
ഫേസ് ബുക്ക് കുറിപ്പിങ്ങനെ:
കമ്യൂണിസത്തോടുള്ള നിലപാട് 1974ൽ പി.എം.എസ്.എ പൂക്കോയ തങ്ങൾ പറഞ്ഞിട്ടുണ്ട്. മുസ്‌ലിംലീഗിലെ ഒരുപറ്റം ആളുകൾ കമ്യൂണിസ്റ്റുകാരന്റെ ആലയിലേക്ക് ഓടുന്ന ദൗർഭാഗ്യകരമായ കാലമായിരുന്നു അത്. മഹാനായ പൂക്കോയ തങ്ങൾ രോഗവുമായി മല്ലിടുകയായിരുന്നു. ബോംബെയിലെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് തിരിച്ചെത്തിയപ്പോൾ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ ഉദ്ധരിച്ച് കൊണ്ടായിരുന്നു പാണക്കാട്ടെ തങ്ങളുടെ പ്രഖ്യാപനം.
തങ്ങളുടെ വാക്കുകൾ ഇങ്ങനെയാണ്. ''അതിന് എന്നെ കിട്ടില്ല. മാർക്‌സിസ്റ്റ് പാർട്ടിയുമായി കൂട്ടുകൂടാൻ മരണം വരെ എന്നെ കിട്ടില്ല. മരിക്കുന്നതിന് മുമ്പ് ബാഫഖി തങ്ങൾ എന്നോട് പറഞ്ഞിരുന്നു. പൂക്കോയാ, മരണം വരെ നമ്മളിനി മാർക്‌സിസ്റ്റുമായി കൂട്ടില്ല. അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ. എന്റെ പ്രാർത്ഥനയും അതാണ്. ബാഫഖി തങ്ങളുടെ ആജ്ഞയാണ്, അദ്ദേഹത്തിന്റെ അഭിലാഷമാണ് ഞാൻ നടപ്പാക്കിയത്.''
പൂക്കോയ തങ്ങളുടെ പ്രഖ്യാപനത്തിന് ഇന്നും കാരിരുമ്പിന്റെ ശക്തിയാണ്. അത് തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. മുസ്‌ലിംലീഗിനെയും യു.ഡി.എഫിനെയും ദുർബലപ്പെടുത്താനുള്ള ഊഹാപോഹങ്ങളിലും വ്യാജ വാർത്തകളിലും ആരും വഞ്ചിതരാകരുത്.
K.P.A Majeed
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.