പദ്ധതിവിഹിതത്തില്‍ വെട്ടിക്കുറവില്ല; തദ്ദേശ വിഹിതത്തില്‍ മാത്രം നേരിയ വര്‍ധന
text_fieldsതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം അടുത്ത വര്‍ഷത്തെ ആസൂത്രണ പദ്ധതിവിഹിതം വെട്ടിക്കുറക്കണമെന്ന ആവശ്യം തള്ളി, നിലവിലെ അതേ നിരക്കില്‍ തുടരാന്‍ ആസൂത്രണ ബോര്‍ഡ് തീരുമാനം.
തദ്ദേശ സ്ഥാപന വിഹിതത്തില്‍ മാത്രമാണ് അരശതമാനത്തോളം വര്‍ധന വരുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലായിരുന്നു പൂര്‍ണ ആസൂത്രണ ബോര്‍ഡ് യോഗം ചേര്‍ന്നത്.
നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 30,370 കോടി രൂപയുടെ പദ്ധതി വിഹിതമായിരുന്നു അനുവദിച്ചിരുന്നത്. കേന്ദ്ര വിഹിതം അടക്കം നടപ്പാക്കുന്നത് 38,620 കോടിയും. സാമ്പത്തിക പ്രതിന്ധിയെതുടര്‍ന്ന് സംസ്ഥാന വിഹിതത്തില്‍ ഇതുവരെ 52 ശതമാനത്തോളം തുക മാത്രമാണ് ചെലവഴിക്കാനായത്. തദ്ദേശ സ്ഥാപന വിഹിതത്തില്‍ നേരിയ വര്‍ധന വരുത്തുന്നതോടെ 30,500 കോടി രൂപയായി ഉയരും.
സാധാരണ ബജറ്റിന് ഒരുമാസം മുമ്പാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ആസൂത്രണപദ്ധതിക്ക് അന്തിമരൂപം നല്‍കുന്നത്. എന്നാല്‍, ഇത്തവണ വൈകിയിരുന്നു. സാമ്പത്തിക അപര്യാപ്തത മൂലം കഴിഞ്ഞ വര്‍ഷവും പദ്ധതിവിഹിതം കുറച്ചിരുന്നു. 2022- 23 വര്‍ഷത്തില്‍ 39,665.19 കോടിയുടെ പദ്ധതികളാണ് ആസൂത്രണം ചെയ്തിരുന്നതെങ്കില്‍ നിലവിലെ സാമ്പത്തിക വര്‍ഷം ഇത് 38,620 കോടിയായി കുറഞ്ഞു.
ഗ്രാമീണവികസനം, ജലസേചനം, വൈദ്യുതി, സാമൂഹ്യനവീകരണം, ഗതാഗതം, ശാസ്ത്രസാങ്കേതികം, കൃഷി തുടങ്ങി പന്ത്രണ്ടോളം മേഖലകളിലാണ് ആസൂത്രണപദ്ധതികള്‍ പണം ചെലവഴിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ വികസനത്തിന്റെ നല്ലൊരുപങ്കും നിര്‍വഹിക്കപ്പെടുന്നത് ആസൂത്രണപദ്ധതികളിലൂടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.