ജാതി സെൻസസ്: സുപ്രീംകോടതി വിധി വരെ തീരുമാനമില്ലെന്ന് മന്ത്രി രാധാകൃഷ്ണൻ
text_fieldsതിരുവനന്തപുരം: സുപ്രീംകോടതിയിലുള്ള കേസിൽ വിധി വരുന്നതു വരെ ജാതി സെൻസസിൽ നടപടി വേണ്ടെന്നാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. എം.കെ. മുനീറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. എന്നാൽ, ജാതി സെൻസസ് നടത്തുന്നതിന് തടസ്സമില്ലെന്ന് ബിഹാറിനെ സുപ്രീംകോടതി അറിയിച്ച സാഹചര്യത്തിൽ കേരളത്തിൽ നടപ്പാക്കാൻ സർക്കാർ തയാറാകുമോയെന്ന് മുനീർ ചോദിച്ചു.
ബിഹാറിന് ലഭിച്ചപോലെ വിധി ലഭിച്ചാൽ ചെയ്യാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. സുപ്രീംകോടതി വിധി വന്നശേഷം സമവായമുണ്ടാക്കി തീരുമാനമെടുക്കാം. ഒരു വിഭാഗത്തിന്റെയും അവകാശങ്ങൾ ഇല്ലാതാക്കാൻ സർക്കാർ കൂട്ടുനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, 105ാം ഭരണഘടന ഭേദഗതി പ്രകാരം സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ പട്ടിക പ്രത്യേകമായി സൂക്ഷിക്കാനും സാമൂഹിക, സാമ്പത്തിക, ജാതി സെൻസസ് നടത്താൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും സോഷ്യൽ ജസ്റ്റിസ് എംപവർമെന്റ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്ന് മുനീർ ചൂണ്ടിക്കാട്ടി. ഇക്കാര്യം മറന്നാണ് സംസ്ഥാന സർക്കാർ ഒഴുക്കൻ മട്ടിലുള്ള സത്യവാങ്മൂലം സുപ്രീംകോടതിയിൽ സമർപ്പിച്ചത്. നിങ്ങളെ തൊട്ടാൽ സംരക്ഷിക്കാൻ ഞങ്ങളുണ്ട് എന്ന് പറയുന്നതല്ല, ഭരണഘടനാപരമായ അവകാശങ്ങൾ വകവെച്ചുതരുന്നതാണ് പിന്നാക്ക വിഭാഗങ്ങൾക്ക് ഏറ്റവും പ്രധാനമെന്നും മുനീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.