യു.എ.ഇ പ്രതിനിധികളുമായി ഔദ്യോഗിക വസതിയിൽ ചർച്ച നടത്തിയിട്ടില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി റെഡ്ക്രസന്റെന്ന വിദേശസ്ഥാപനത്തിൽനിന്ന് സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസലേറ്റ് ജീവനക്കാരുമായി ഔദ്യോഗിക വസതിയിൽ ചർച്ച നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ കെ.കെ. രമയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകിയത്.
റെഡ്ക്രസന്റിൽനിന്ന് ലൈഫ്മിഷൻ സഹായം സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഫ്ലാറ്റിന്റെ നിർമാണകരാർ യൂനിടാക് കമ്പനിക്ക് നൽകാനായി തീരുമാനമെടുത്തിട്ടില്ലെന്ന് തദ്ദേശമന്ത്രി എം.ബി. രാജേഷും സഭയിൽ വ്യക്തമാക്കി. റെഡ്ക്രസന്റുമായി ലൈഫ്മിഷൻ എം.ഒ.യു ഒപ്പ് വെച്ചിട്ടില്ല. എന്നാൽ ഭവനസമുച്ചയത്തിന്റെ പ്ലാൻ യൂനിടാക് എന്ന സ്ഥാപനം ലൈഫ്മിഷന് സമർപ്പിച്ചിരുന്നു. അത് ലൈഫ്മിഷൻ മാനദണ്ഡങ്ങൾ പ്രകാരവും സ്പെസിഫിക്കേഷൻ അനുസരിച്ചാണെന്നും പരിശോധിച്ച് ലൈഫ്മിഷൻ യു.എ.ഇ റെഡ്ക്രസന്റിന് അംഗീകാരം നൽകിയിരുന്നു.
ലൈഫ്മിഷൻ നേരിട്ട് നടപ്പാക്കുന്ന പൈലറ്റ് ഭവനസമുച്ചയത്തിന്റെ തൃശൂർ ജില്ലയിലുൾപ്പെടെ ഏഴ് ജില്ലകളിലെ കൺസൾട്ടന്റായി ഹാബിറ്റാറ്റിനെ തെരഞ്ഞെടുത്തിരുന്നു. കെട്ടിടനിർമാണത്തിന് ഹാബിറ്റാറ്റുമായി കരാറിൽ ഏർപ്പെട്ടിട്ടില്ല. എന്നാൽ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ് പ്രീഫാബ് ടെക്നോളജിയിൽ പരിജ്ഞാനമില്ലെന്ന കാരണത്താൽ പി.എം.സിയായി തുടരാൻ താൽപര്യമില്ലെന്നറിയിച്ച് കത്തുനൽകുകയും തുടർന്ന് പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തെന്നും രാജേഷ് അറിയിച്ചു.
ചോദ്യോത്തരവേള വ്യാഴാഴ്ച തടസ്സമില്ലാതെ നടന്നിരുന്നെങ്കിൽ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിന്റെ പല ഉപചോദ്യങ്ങൾക്കും മറുപടി പറയേണ്ടിവരുമായിരുന്നു. പ്രതിപക്ഷ ബഹളം ചൂണ്ടിക്കാട്ടി ചോദ്യോത്തരവേള സസ്പെൻഡ് ചെയ്യുകയും ശൂന്യവേളയടക്കം നടപടിക്രമങ്ങൾ മിനിറ്റുകൾക്കകം അവസാനിപ്പിച്ച് സഭ വ്യാഴാഴ്ചത്തേക്ക് പിരിയുകയും ചെയ്തു. ഇതോടെ നേരിട്ട് നൽകാതെ രേഖാമൂലമാണ് മറുപടി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.