വീടുകൾക്ക് വാതിലില്ല; അവസാനിക്കാതെ ആദിവാസികളുടെ ദുരിത ജീവിതം
text_fieldsവെള്ളമുണ്ട: വീട് ലഭിച്ചിട്ടും സ്വസ്ഥമായി ഉറങ്ങാനാവാതെ ആദിവാസി കുടുംബങ്ങൾ. വെള്ളമുണ്ട പഞ്ചായത്തിലെ കാക്കഞ്ചേരി പണിയ കോളനിയിലെ വീടുകൾക്ക് വാതിലില്ല.
താൽക്കാലിക വാതിലുകൾ സാമൂഹികവിരുദ്ധർ തകർക്കുന്നത് പതിവാണ്. സാമൂഹികവിരുദ്ധ ശല്യത്തെക്കുറിച്ച് അമ്മമാർ പരാതി പറഞ്ഞു മടുത്തു. കോളനിവികസനത്തിെൻറ പേരിൽ കോടിക്കണക്കിന് രൂപ െചലവഴിച്ചിട്ടുണ്ട്. കോളനിയിലെ കുടുംബങ്ങൾക്ക് ട്രൈബൽ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വീടുകൾ കാണാം.
ചുമരുകെട്ടി വാർപ്പിനുശേഷം മറ്റു പണികളൊന്നും ചെയ്യാതെ കരാറുകാരൻ മുങ്ങി. ചോരാത്ത കൂര മോഹിച്ചവർ വാതിൽ പോലുമില്ലാത്ത വീടുകളിൽ താമസം തുടങ്ങി. കരിമ്പി, ശാന്ത, അമ്മിണി എന്നിവരുടെ വീടുകൾക്ക് വാതിലുകളില്ല. മുമ്പ് നിർമിച്ച മറ്റു വീടുകളുടെയും സ്ഥിതി വ്യത്യസ്തമല്ല.
മുളയും ചാക്കും ഉപയോഗിച്ച് താൽക്കാലിക വാതിലുകളാണ് ആശ്രയമെങ്കിലും അടുത്ത കാലത്തായി സാമൂഹികദ്രോഹികൾ ഇത് തകർക്കുന്നു. മുമ്പ് രാത്രിസമയത്ത് വാതിൽ തകർത്ത് അകത്തെത്തിയ ആളെ സ്ത്രീകൾ നേരിട്ട സംഭവവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇതുപോലെ ഒരാൾ കോളനിയിലെ വീട്ടിൽ കയറിയതായി നാട്ടുകാർ പറയുന്നു.
മേച്ചേരിക്കുന്ന് പണിയ കോളനിയിലെ ആദിവാസി കോളനിയിലും വാതിലുകളില്ലാത്ത വീടുകൾ കാണാം.
നിർമാണം പാതിയിൽ നിർത്തി കരാറുകാരൻ പോയപ്പോൾ അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാത്ത വീടുകളിൽ സ്ത്രീകളും കുട്ടികളും ഭയപ്പാടോടെ കഴിയേണ്ട അവസ്ഥയാണ്. ഈ കോളനിയിൽ പകുതിയിലധികം വീടുകൾക്കും വാതിലും ജനലും ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.