ഇ ഗ്രാന്റില്ല, യൂനിഫോമുമില്ല; ആദിവാസി വിദ്യാർഥികൾ പ്രതിസന്ധിയിൽ
text_fieldsഅടിമാലി: രണ്ട് വർഷമായി ഇ ഗ്രാന്റുകൾ ലഭിക്കുന്നില്ല. ഇക്കുറി യൂനിഫോം തുണിത്തരങ്ങളും എത്തിയിട്ടില്ല. കോഴ്സ് കഴിഞ്ഞവർക്ക് പോലും കൃത്യസമയത്ത് ട്യൂഷൻഫീസും ഹോസ്റ്റൽഫീസും അടയ്ക്കാൻ കഴിയാത്തതിനാൽ അധികൃതർ ടി.സി നൽകുന്നില്ല.
പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് പലയിടത്തും ആദിവാസി-ദലിത് വിദ്യാർഥികൾ. ഹാൾടിക്കറ്റും പരീക്ഷാഫലവും തടഞ്ഞുവെക്കുകയാണെന്നും ആദിവാസി സംഘടനാപ്രവർത്തകർ പറയുന്നു. ഹോസ്റ്റൽ അലവൻസുകൾ ലഭിക്കാത്തതിനാൽ പഠനം ഉപേക്ഷിക്കേണ്ടിവരുന്നവർ ഒട്ടേറെയാണ്. ഹോസ്റ്റൽ അലവൻസുകൾ കാലാനുസൃതമായി പുതുക്കിയിട്ടില്ലെന്നതും പ്രശ്നമാണ്.
സർക്കാർ / കോളജ് ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് പ്രതിമാസം 3500 രൂപയും സ്വകാര്യഹോസ്റ്റലിൽ താമസിക്കുന്ന പട്ടിക വർഗക്കാർക്ക് 3000 രൂപയും പട്ടികജാതി വിദ്യാർഥികൾക്ക് 1500 രൂപയും മാത്രമാണ് സർക്കാർ വാഗ്ദാനം. ഈ തുകയും നൽകുന്നില്ലെന്നതാണു പ്രതിസന്ധിക്കു കാരണം. ഹോസ്റ്റൽ അലവൻസുകൾ പ്രതിമാസം 6500 രൂപയാക്കി എല്ലാ വിഭാഗക്കാർക്കും വർധിപ്പിക്കണമെന്ന് എസ്.സി/എസ്.ടി വകുപ്പുകൾ ആവശ്യപ്പെട്ടിട്ടും ധനവകുപ്പ് തയാറാകുന്നില്ല.
വിദ്യാർഥിയുടെ പ്രവേശനസമയത്തുതന്നെ ഫ്രീഷിപ്പ് കാർഡ് നൽകുമെന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വാഗ്ദാനം ചെയ്തിരുന്നു. ഇത് നൽകാത്തതിനാൽ സ്ഥാപനങ്ങൾ പ്രവേശന സമയത്ത് ഭീമമായ തുക വിദ്യാർഥികളോട് ആവശ്യപ്പെടുകയാണ്. സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി യൂനിഫോം നൽകുന്ന പദ്ധതി ഈ വർഷം പ്രാവർത്തികമായിട്ടില്ല.
ഒന്നു മുതൽ 10 വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് യൂണിഫോം നൽകുന്നത്. അതുപോലെ ദരിദ്ര ജനവിഭാഗങ്ങൾക്കും യൂനിഫോം നൽകിയിരുന്നു. ഇതും മുടങ്ങി .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.