വൈദ്യുതിയില്ല, സൂക്ഷിക്കാൻ പറ്റിയ വീടുമില്ല; ലാപ്ടോപ്പുകൾ തിരിച്ചുനൽകി ആദിവാസി വിദ്യാർഥികൾ
text_fieldsവെള്ളമുണ്ട: 'വൈദ്യുതിയില്ലാതെ ലാപ്ടോപ് കിട്ടിയിട്ടെന്താ, സൂക്ഷിച്ചുവെക്കാൻ വീടുമില്ല. അതോണ്ട് ഞങ്ങളാരും ലാപ്ടോപ് വാങ്ങിയിട്ടില്ല....'' വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ഉണ്ടാടി പണിയ കോളനിയിലെ ആറാംതരം വിദ്യാർഥി അഞ്ജലിയുടെ നിരാശയൂറുന്ന വാക്കുകളാണിത്.
അഞ്ജലിക്കൊപ്പം ഇതേ കോളനിയിലെ അമൃത, മനു ബാബു, ശ്രീഹരി എന്നിവരും പത്താം തരത്തിൽ പഠിക്കുന്ന അമൃതയും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അരുൺജിതും ലാപ്ടോപ് വാങ്ങാതെ തിരിച്ചേൽപിക്കുകയായിരുന്നു.
സമീപ കോളനിയിലുള്ള കുട്ടികളെല്ലാം ലാപ്ടോപ് ഉപയോഗിക്കുന്നത് കാണുമ്പോൾ തങ്ങൾക്കും ആഗ്രഹമുണ്ടെങ്കിലും വൈദ്യുതിയില്ലാതെ എങ്ങനെ എന്ന ചോദ്യം ബാക്കിയാവുന്നു. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കൂരകളിലാണ് ഇവരെല്ലാം താമസിക്കുന്നത്. കാറ്റടിച്ചാൽ പറന്നുപോകുന്ന കൂരകളിൽ ലാപ്ടോപ് സൂക്ഷിക്കാനുള്ള ഭയവും ഇവരെ പിന്നോട്ടടിപ്പിക്കുന്നു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിെൻറ മൂക്കിന് താഴെയുള്ള കോളനിയാണിതെങ്കിലും വികസനം ഇവിടേക്ക് എത്തിനോക്കിയിട്ടില്ല. കോളനിമുറ്റത്ത് വൈദ്യുതിത്തൂണുണ്ടെങ്കിലും ഷെഡുകളിൽ വൈദ്യുതി നൽകാനാവില്ലെന്ന ചട്ടമാണ് തിരിച്ചടിയായത്.
ലാപ്ടോപ് കിട്ടിയിട്ടും ഉപയോഗിക്കാനാവാതെ നിരാശരായ ആദിവാസി വിദ്യാർഥികൾ നിരവധിയാണ്. സമീപത്തെ പല സ്ഥലങ്ങളിലും സമാന അനുഭവങ്ങൾ ഏറെയാണ്.
പൊതു വിദ്യാഭ്യാസ വകുപ്പിെൻറ വിദ്യാകിരണം പദ്ധതി പ്രകാരം വിതരണം തുടങ്ങിയ ലാപ്ടോപ്പുകളാണ് കൃത്യമായി ഉപയോഗിക്കാൻ കഴിയാതെ ആദിവാസി വിദ്യാർഥികൾ പ്രയാസപ്പെടുന്നത്.
ഓൺലൈൻ ക്ലാസുകൾ കേൾക്കുന്നതിനാണ് പ്രധാനമായും ലാപ്ടോപ്പുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. ജില്ലയിൽ 17,000ത്തിലധികം ലാപ്ടോപ്പുകളാണ് വിതരണം ചെയ്യുന്നത്. ആദിവാസി വിഭാഗത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പണിയ വിഭാഗത്തിലെ വിദ്യാർഥികളാണ് ലാപ്ടോപ് ഉപയോഗിക്കാനാവാതെ വട്ടംകറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.