ജീവനക്കാരില്ല; അതിവേഗ പോക്സോ കോടതികളിൽ നടപടികൾ ഇഴയുന്നു
text_fieldsപാലക്കാട്: ജോലിഭാരത്തിൽ വലഞ്ഞ് സംസ്ഥാനത്തെ പോക്സോ അതിവേഗ പ്രത്യേക കോടതികൾ. രണ്ട് സ്ഥിരം ജീവനക്കാരും നാല് കരാർ ജീവനക്കാരുമാണ് ഒരു കോടതിയിലുള്ളത്. സംസ്ഥാനത്തെ 75ഓളം പോക്സോ അതിവേഗ കോടതികളിൽ ഇതാണവസ്ഥ. ചുരുങ്ങിയത് 10 പേരെങ്കിലും വേണമെന്ന് 2018ൽ കോടതികൾ തുടങ്ങുന്ന ഘട്ടത്തിൽതന്നെ ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും യാഥാർഥ്യമായിട്ടില്ല. 750 പേർ വേണ്ടിടത്ത് സ്ഥിരം ജീവനക്കാർ -150. താൽക്കാലികക്കാർ -300. അവഗണനക്കെതിരെ ജീവനക്കാരുടെ സംഘടന ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്. ജൂലൈ 31 വരെയുള്ള കണക്കു പ്രകാരം തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് 8506 പോക്‌സോ കേസുകളാണെന്ന് ആഭ്യന്തര വകുപ്പുതന്നെ പറയുന്നു.
ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ജീവനക്കാരുടെ കുറവാണ്. പോക്സോ കേസുകളിൽ വേഗത്തിൽ വിചാരണ ഉറപ്പാക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ പങ്കാളിത്തത്തോടെയാണ് ഫാസ്റ്റ്ട്രാക്ക്, പ്രത്യേക കോടതികള്‍ സ്ഥാപിക്കപ്പെട്ടത്. ആദ്യം 2023 വരെയുള്ള സംവിധാനമെന്ന നിലയിലാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും 2026 വരെ നീട്ടിയിട്ടുണ്ട്.
പ്രതിമാസം കുറ്റപത്രം സമർപ്പിക്കപ്പെട്ട 200ഓളം പോക്സോ കേസുകളാണ് കോടതിയിലെത്തുന്നത്. കുറ്റപത്രം സമർപ്പിക്കാനുള്ളവ നൂറോളം വരും. ചുരുങ്ങിയത് ഒരു കേസിെൻറ നപടികൾ മൂന്നു വർഷമെങ്കിലും നീളും. ഈ നടപടിക്രമം മുന്നോട്ട് നീക്കാനുള്ള ഓഫിസ് ചുമതല ബെഞ്ച് ക്ലർക്കിനും ക്ലർക്കിനുമാണ്.
പ്രതിമാസ കരാർ വേതനത്തിൽ സേവനമനുഷ്ഠിക്കുന്ന ടൈപിസ്റ്റ്, സ്റ്റെനോ, രണ്ട് ഓഫിസ് അസിസ്റ്റന്റുമാർ എന്നിവരാണ് മറ്റു ജീവനക്കാർ. കോടതി ജോലിയിൽനിന്ന് വിരമിച്ചവരെ കിട്ടിയില്ലെങ്കിൽ എംേപ്ലായ്മെന്റ് എക്സ്ചേഞ്ച് വഴിയെത്തുന്ന കരാർ ജീവനക്കാർ ആറുമാസം കഴിഞ്ഞാൽ മാറും. കോടതി നടപടികൾ ഉൾപ്പെടെ മനസ്സിലാക്കാൻ പുതുതായി വരുന്നവർക്ക് മാസങ്ങളോളം പിടിക്കും.
പോക്സോ സ്പെഷൽ കോടതികളിൽ വിരമിച്ച കരാർ ജീവനക്കാർക്ക് പകരം സ്ഥിര നിയമനം നടത്തി ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് നിയമനടപടിക്ക് മുന്നോട്ടിറങ്ങിയ കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ഇ.എ. ദിനേഷ് കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.