എൻട്രൻസ് ഇല്ല; എൻജിനീയറിങ് സീറ്റുകൾ വീണ്ടും നിറയുന്നു
text_fieldsതിരുവനന്തപുരം: എൻട്രൻസ് യോഗ്യതയില്ലാത്തവർക്കും പ്രവേശനം നൽകിയതോടെ സംസ്ഥാനത്ത് എൻജിനീയറിങ് പ്രവേശനം നേടിയവരുടെ എണ്ണം സമീപകാലത്തെ ഉയർന്നനിലയിൽ. ഈ വർഷത്തെ എൻജിനീയറിങ് പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ സാങ്കേതിക സർവകലാശാലക്ക് കീഴിലെ കോളജുകളിൽ 32,960 വിദ്യാർഥികൾ ബി.ടെക് പ്രവേശനം നേടി. കഴിഞ്ഞ വർഷം 30,012 പേരാണ് പ്രവേശനം നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2,948 വിദ്യാർഥികൾ അധികം. ഇതോടെ സംസ്ഥാനത്ത് 2015നു ശേഷം ഏറ്റവും കൂടുതൽ വിദ്യാർഥികൾ എൻജിനീയറിങ് പ്രവേശനം നേടുന്ന വർഷമായി 2023-24 മാറി.
ആകെ 49,460 സീറ്റുകളിലേക്കാണ് പ്രവേശനം. മൊത്തം സീറ്റുകളുടെ 67 ശതമാനത്തിലേക്ക് വിദ്യാർഥികളെത്തി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സീറ്റുകളുടെ എണ്ണം വർധിച്ചിട്ടും പ്രവേശനം നേടിയവരുടെ എണ്ണത്തിലും ശതമാനത്തിലും കുറവുണ്ടായില്ല. നേരത്തേ സീറ്റൊഴിവ് 52 ശതമാനം വരെ എത്തിയിരുന്നു. 2015-16 അധ്യയന വർഷം 33,977 പേരാണ് എൻജിനീയറിങ് പ്രവേശനം നേടിയത്. അന്ന് മൊത്തം സീറ്റുകളുടെ 58 ശതമാനത്തിലേക്കാണ് വിദ്യാർഥികൾ എത്തിയത്. 2016-17ൽ ഇത് 30,817 ആയി കുറഞ്ഞു. 2017-18ൽ 27,282, 2018-19ൽ 24,836, 2019-20ൽ 26,622, 2020-21ൽ 27,752, 2021-22ൽ 26,777 2022-23ൽ 30,012 എന്നിങ്ങനെയായിരുന്നു പ്രവേശനം നേടിയവർ.
സ്വകാര്യ-സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിൽ സർക്കാർ അലോട്ട്മെൻറിന് ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് എൻജിനീയറിങ് എൻട്രൻസ് പരീക്ഷ വിജയിക്കാത്തവർക്കും പ്രവേശനത്തിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതോടെ മാനേജ്മെൻറ് ക്വോട്ട സീറ്റുകളിലേക്കും സർക്കാർ അലോട്ട്മെൻറിന് ശേഷം തിരികെ ലഭിച്ച ലാപ്സ്ഡ് സീറ്റുകളിലേക്കും കൂടുതൽ പ്രവേശനത്തിന് വഴിയൊരുങ്ങി. ഇതാണ് എൻജിനീയറിങ് പ്രവേശനം നേടിയവരുടെ എണ്ണം വർധിക്കാനുള്ള പ്രധാന കാരണം.
മൂന്നിലൊന്ന് പേരും കമ്പ്യൂട്ടർ സയൻസിൽ
ബി.ടെക് പ്രവേശനം നേടിയ 32,960 പേരിൽ 11,148 പേരും (33.82 ശതമാനം) തെരഞ്ഞെടുത്തത് കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ച്. ആകെ 12,440 കമ്പ്യൂട്ടർ സയൻസ് സീറ്റുകളിൽ 90 ശതമാനത്തിലേക്കും വിദ്യാർഥികളെത്തി.
ജോലി സാധ്യതയാണ് കമ്പ്യൂട്ടർ സയൻസിനെ ഇഷ്ട ബ്രാഞ്ചാക്കി നിലനിർത്തുന്നത്. ഡിമാൻഡിൽ രണ്ടാം സ്ഥാനത്ത് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനും മൂന്നാം സ്ഥാനത്ത് മെക്കാനിക്കലും നാലാം സ്ഥാനത്ത് സിവിൽ എൻജിനീയറിങ്ങുമാണ്. സർക്കാർ, എയ്ഡഡ് കോളജുകളിൽ കൂടുതൽ പേർ പ്രവേശനം നേടിയത് കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിലാണ്. ഇവിടെ 900 വിദ്യാർഥികൾ ഇത്തവണ പ്രവേശനം നേടി. സർക്കാർ കോളജുകളിൽ 775 പേർ പ്രവേശനം നേടിയ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് (സി.ഇ.ടി) ആണ് മുന്നിൽ.
പ്രവേശനം നേടിയവരുടെ എണ്ണം
കമ്പ്യൂട്ടർ സയൻസ് 11148
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ 4822
മെക്കാനിക്കൽ 3451
സിവിൽ 3115
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് 2853
ഐ.ടി 655
കെമിക്കൽ 320
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.