'ഷാൽ ഐ റിമൈൻഡ് യു സംതിങ്'; ഹൈബിക്കെതിരെ തെളിവില്ലെന്ന റിപ്പോർട്ടിൽ 'നരസിംഹം' ഡയലോഗുമായി ടി.ജെ. വിനോദ്
text_fieldsകൊച്ചി: ഹൈബി ഈഡന്‍ എം.പിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ തെളിവില്ലെന്ന് കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് എറണാകുളം എം.എൽ.എ അഡ്വ. ടി.ജെ. വിനോദ്. ഹൈബി ഈഡൻ എം.പിയുടെ വ്യക്തിപ്രഭാവത്തെ നുണപ്രചരണം കൊണ്ട് തകർക്കാൻ ശ്രമിച്ചവർക്ക് സൂപ്പർ ഹിറ്റ് സിനിമ 'നരസിംഹ'ത്തിലെ മമ്മൂട്ടിയുടെ ഡയലോഗ് കൊണ്ടാണ് എം.എൽ.എ മറുപടി നൽകിയത്. സത്യം എത്ര മൂടിവെച്ചാലും ഒരു നാൾ ഒരിടത്തത് പുറത്തു വരുമെന്ന് ടി.ജെ. വിനോദ് ഫേസ്ബുക്കിൽ കുറിച്ചു.
ടി.ജെ. വിനോദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ഹൈബി ഈഡൻ എം.പിയുടെ വ്യക്തിപ്രഭാവത്തെ നുണപ്രചരണം കൊണ്ട് തകർക്കാൻ ശ്രമിച്ചവർക്ക് മറുപടി പറയാൻ നരസിംഹം എന്ന സിനിമയിലെ മമ്മൂക്കയുടെ വാക്കുകൾ കടമെടുക്കുകയാണ്...
"ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട്, സൂര്യൻ ആ കറുത്തമറ വിട്ട് പുറത്ത് വരും.
അതുപോലെ തന്നെയാണ് സത്യവും... മൂടിവക്കാം...
വളച്ചൊടിക്കാം...
പക്ഷെ ഒരു നാൾ ഒരിടത്തത് സത്യം പുറത്തു വരും മിസ്റ്റർ സൂപ്പരിന്റന്റ് ഓഫ് പൊലീസ്...
ഷാൽ ഐ റിമൈൻഡ് യു സംതിങ്, ഇറ്റ് ഈസ് ക്വയറ്റ് അൺബിക്കമിംഗ് ആൻ ഓഫീസർ"
- നന്ദഗോപാൽമാരാർ (നരസിംഹം)
ഹൈബി ഈഡനെതിരായ ലൈംഗിക പീഡനക്കേസില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. എം.എൽ.എയായിരിക്കെ സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പൊലീസ് അന്വേഷിച്ച കേസ് സംസ്ഥാന സര്‍ക്കാറാണ് സി.ബി.ഐയെ ഏല്‍പിച്ചത്.
ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് സി.ബി.ഐ സംഘം രജിസ്റ്റര്‍ ചെയ്ത ആറ് കേസിൽ ആദ്യത്തേതിന്‍റെ അന്വേഷണ റിപ്പോര്‍ട്ടാണ് കൈമാറിയത്. തെളിവ് കണ്ടെത്താനായില്ലെന്നും പരാതിക്കാരിക്ക് തെളിവ് നല്‍കാന്‍ കഴിഞ്ഞില്ലെന്നുമാണ് സി.ബി.ഐ വ്യക്തമാക്കുന്നത്. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. എം.എല്‍.എ ഹോസ്റ്റലില്‍ പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു.
കേരള പൊലീസിന്റെ പ്രത്യേകസംഘത്തിനും ഹൈബി ഈഡന്‍ എം.പിക്കെതിരെ തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പരാതി വ്യാജമാണെന്ന് തുടക്കംമുതലേ കോണ്‍ഗ്രസ് വാദിച്ചിരുന്നു. കേസ് സി.ബി.ഐക്ക് വിട്ടതിനെ കോണ്‍ഗ്രസ് എതിര്‍ക്കുകയും രാഷ്ട്രീയ വിവാദമാവുകയും ചെയ്തിരുന്നു. നാലു വര്‍ഷം കേരള പൊലീസ് അന്വേഷിച്ച കേസാണിത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സി.ബി.ഐക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.