കസ്റ്റഡിയിൽ മർദനമേറ്റതിന് തെളിവില്ല, മധുവിന്‍റെ മരണം കസ്റ്റഡി മർദനം മൂലമെന്നതിന് തെളിവില്ലെന്ന് റിപ്പോർട്ട്
text_fieldsമണ്ണാർക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റേത് കസ്റ്റഡി മരണമല്ലെന്ന് മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്. മധു മരിച്ചത് പൊലീസ് കസ്റ്റഡിയിലാണെങ്കിലും ഇത് കസ്റ്റഡി മരണമായി കണക്കാക്കാനാകില്ല. കസ്റ്റഡിയില്‍ മധുവിന് മര്‍ദനമേറ്റതായി തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ അവശ നിലയിലായിരുന്നു. മധുവിനെ അഗളിയിലെ ആശുപത്രിയിലെത്തിച്ചത് മൂന്ന് പൊലീസുകാരാണെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായിരുന്ന എം. രമേശന്റെ റിപ്പോർട്ടാണ് മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതി പരിശോധിച്ചത്.
റിപ്പോർട്ടിന്റെ കോപ്പികൾ പ്രതിഭാഗത്തിനും നൽകി. മജിസ്‌ട്രറ്റ് അന്വേഷണ സമയത്ത് 18 സാക്ഷികളെയും നാല് രേഖകളും പരിശോധിച്ചു. കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുമ്പോൾ മധു ഛർദിച്ചതായും ആശുപത്രിയിൽ കൊണ്ടുപോയതായും അഗളിയിലേക്കുള്ള വഴിമധ്യേ തന്നെ ആക്രമിച്ചവരെക്കുറിച്ച് പൊലീസിനോട് പറഞ്ഞതായും മജിസ്‌ട്രേറ്റ് റിപ്പോർട്ടിലുണ്ട്.
സംഘത്തിലെ ഏഴ് പേരുടെ വിവരങ്ങൾ അന്ന് ശേഖരിച്ചതായും ഏകദേശം 75ഓളം പേർ മുക്കാലിയിൽ ഉണ്ടായിരുന്നതായും പൊലീസ് ജീപ്പിലേക്ക് കയറ്റുന്ന സമയത്ത് ആരും മധുവിനെ ആക്രമിച്ചില്ലെന്ന് സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
മജിസ്ട്രേറ്റിനെ നാളെ വിസ്തരിക്കും
മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തിയ മജിസ്‌ട്രേറ്റിനെ കോടതി ബുധനാഴ്ച വിസ്തരിക്കും. സംഭവ സമയത്ത് മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായിരുന്ന രമേശിനെയാണ് വിസ്തരിക്കുക. പ്രോസിക്യൂഷൻ അപേക്ഷ പ്രകാരം മജിസ്റ്റീരിയൽ റിപ്പോർട്ട് വിചാരണയുടെ ഭാഗമാക്കുന്നതിനെ പ്രതിഭാഗം എതിർത്തെങ്കിലും കോടതി പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.