അന്വേഷണ സംഘത്തിൽ വിശ്വാസമില്ല –യു.ഡി.എഫ്
text_fieldsപാനൂർ: പുല്ലൂക്കര പാറാൽ മൻസൂർ കൊലക്കേസ് ഐ.പി.എസ് ഉദ്യോഗസ്ഥെൻറ നേതൃത്വത്തിൽ അന്വേഷിക്കണമെന്നും ഇപ്പോൾ പ്രഖ്യാപിച്ച ഡിവൈ.എസ്.പി ഇസ്മാഈലിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും കേസിൽ യു.എ.പി.എ ചുമത്തണമെന്നും യു.ഡി.എഫ് നേതൃത്വം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഡിവൈ.എസ്.പി ഇസ്മാഈലിെൻറ പ്രവർത്തനത്തിൽ ആക്ഷേപമുണ്ട്. സി.പി.എമ്മുമായി അടുത്ത ബന്ധമുള്ളയാളാണ് അദ്ദേഹം. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.
ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ കൊലപാതകത്തിൽ യു.എ.പി.എ ചുമത്തണമെന്നാണ് നിയമം. ഈ സംഭവവും അത്തരത്തിൽ നടന്നതിനാൽ യു.എ.പി.എ ചുമത്തണം. ഒരു പ്രതിയെ നാട്ടുകാർ പിടിച്ചു കൊടുത്തിട്ടും മറ്റു പ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. ഭരണകൂടം കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.
സംസ്കാരം കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന സ്ത്രീകളെയും കുട്ടികളെയും യു.ഡി.എഫ് പ്രവർത്തകരെയും പൊലീസ് അകാരണമായി മർദിച്ചതിലും കസ്റ്റഡിയിലെടുത്തതിലും പ്രതിഷേധമുണ്ട്. വൈകാരികമായി നടന്ന അനിഷ്ടസംഭവങ്ങളിൽ യു.ഡി.എഫിന് പങ്കില്ല. ഏതന്വേഷണത്തിലും സഹകരിക്കാൻ തയാറാണ്.
നിരപരാധികളായ 26 പേരെ കസ്റ്റഡിയിലെടുത്ത് ലോക്കപ്പിൽ ക്രൂരമായി മർദിച്ചതിനെതിരെയും വീടുകളിൽ നിർത്തിയിട്ട വണ്ടികൾ ലോറിയിൽ കയറ്റി കേടുവരുത്തിയതിനെതിരെയും നിയമനടപടികളുമായി മുന്നോട്ടുപോകും. പൊലീസിെൻറ ഏകപക്ഷീയമായ നടപടികൾക്കെതിരെ നിയമപരമായി ഏതറ്റം വരെ പോകുമെന്നും സംസ്ഥാന തലത്തിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും കൂത്തുപറമ്പ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പൊട്ടങ്കണ്ടി അബ്ദുല്ല, ഡി.സി.സി സെക്രട്ടറി കെ.പി. സാജു, നേതാക്കളായ പി.കെ. ഷാഹുൽ ഹമീദ്, പി.പി.എ. സലാം, ടി.ടി. രാജൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.