സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണില്ല; അപ്രായോഗികമെന്ന് മന്ത്രിസഭായോഗം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കില്ല. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. അതേസമയം, രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. സർവ്വകക്ഷിയോഗത്തിൽ ഉയർന്ന അഭിപ്രായങ്ങളും വിദഗ്ധരുടെ നിർദ്ദേശങ്ങളും കൂടി പരിഗണിച്ചാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.
കണ്ടെയിൻമെന്റ് സോണുകളിൽ പൊലീസ് സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ തീരുമാനമായിട്ടുണ്ട്. കടകൾ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ അതാതു ജില്ലാ ഭരണകൂടവും ജില്ലയുടെ ചുമതലയുള്ള മന്ത്രിയും ചേർന്ന് തീരുമാനമെടുക്കാം. കോവിഡിന്റെ പശ്ചാത്തലത്തിൽ നിലവിൽ ലോക്ഡൗൺ പ്രഖ്യാപിച്ചാൽ ജനങ്ങൾ ബുദ്ധിമുട്ടിലാകുമെന്ന വിദഗ്ധ സമിതിയുടെ നിർദേശം പരിഗണിച്ചാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ.
നിയമസഭാ സമ്മേളനം മാറ്റിവെച്ചതിനാൽ ധനകാര്യബിൽ പാസ്സാക്കാൻ സമയം നീട്ടിക്കൊണ്ടുള്ള ഓർഡിനൻസ് ഇറക്കാനും മന്ത്രിസഭാ യോഗത്തിൽ ധാരണയായി. വീഡിയോ കോൺഫറൻസിലൂടെയാണ് ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗം നടന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ആണ് ഓൺലൈനിൽ മന്ത്രിസഭായോഗം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.