ഫണ്ടില്ല; സ്കൂളുകളിൽ മുട്ട, പാൽ വിതരണം നിർത്താൻ ഒരുങ്ങി പ്രഥമാധ്യാപകർ
text_fieldsതിരുവനന്തപുരം: അധ്യയന വർഷം ആരംഭിച്ച് മാസം രണ്ടു പിന്നിട്ടിട്ടും സ്കൂളുകളിൽ മുട്ട, പാൽ വിതരണത്തിനായി ചെലവാക്കിയ തുക അനുവദിക്കാത്തതിനെ തുടർന്ന് മുട്ട, പാൽ വിതരണം നിർത്താനുള്ള നീക്കത്തിലാണ് പ്രഥമാധ്യാപകർ. സ്വന്തം പോക്കറ്റിൽനിന്നെടുത്തും കടം വാങ്ങിയുമാണ് പ്രഥമാധ്യാപകർ കുട്ടികൾക്ക് മുട്ടയും പാലും നൽകുന്നത്. വിലക്കയറ്റം രൂക്ഷമായിട്ടും മുട്ടക്കും പാലിനും അനുവദിക്കുന്ന തുക വർധിപ്പിക്കാൻ സർക്കാർ തയാറായിട്ടില്ല.
പദ്ധതിച്ചുമതലയിൽനിന്ന് പ്രഥമാധ്യാപകരെ ഒഴിവാക്കുക, 2016ൽ നിശ്ചയിച്ച നിരക്ക് കമ്പോള നിലവാരമനുസരിച്ച് പുതുക്കുക, സംസ്ഥാന പോഷകാഹാര പദ്ധതിക്ക് പ്രത്യേകം തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രഥമാധ്യാപക സംഘടനകളായ കെ.പി.പി.എച്ച്.എയും കെ.പി.എസ്.എച്ച്.എയും ഹൈകോടതിയിൽ കേസ് നൽകിയിരുന്നു. ഇതിനിടെ കഴിഞ്ഞമാസം നിരക്ക് പുതുക്കി നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും എൽ.പി വിഭാഗത്തിന് ലഭിച്ചുകൊണ്ടിരുന്ന ആദ്യ സ്ലാബായ എട്ടു രൂപ, ആറു രൂപയായി കുറച്ചു. മുട്ട, പാൽ വിതരണത്തിന് പ്രത്യേകം തുക അനുവദിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നടപ്പായില്ല. മുട്ടക്കും പാലിനും കമ്പോളവിലയനുസരിച്ച് തുക അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. ഉച്ചഭക്ഷണത്തിന് കേന്ദ്രം നൽകുന്ന ഫണ്ടിനൊപ്പം ചേർത്താണ് സംസ്ഥാനം മുട്ടക്കും പാലിനും പണം അനുവദിച്ചിരുന്നത്. സി.എ.ജി ഓഡിറ്റ് നിർദേശപ്രകാരമാണ് തുക പ്രത്യേകം അനുവദിച്ചു തുടങ്ങിയത്. ഇതോടെ സംസ്ഥാനം ഉഴപ്പുന്നതായാണ് പ്രഥമാധ്യാപകരുടെ ആരോപണം. എല്ലാവർഷവും ജൂൺ ആദ്യംതന്നെ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച് സർക്കുലർ വകുപ്പിൽനിന്ന് വരാറുണ്ട്. അതിലാണ് സ്കൂൾതലം മുതൽ സംസ്ഥാനതലം വരെയുള്ള കമ്മിറ്റികൾ, ഭക്ഷണത്തിന്റെ അളവ്, ഇനം, കുടിവെള്ള പരിശോധന, മുട്ട, പാൽ വിതരണം എന്നിവ സംബന്ധിച്ച് വ്യക്തതയുണ്ടാവുക. ഇക്കുറി സർക്കുലർ വന്നില്ല. അതുകൊണ്ടു തന്നെ ജൂണിലും ജൂലൈയിലും പാലും മുട്ടയും നൽകിയ പ്രഥമാധ്യാപകർ ആശങ്കയിലാണ്.
കമ്പോള വിലയ്ക്ക് അനുസൃതമായി പ്രത്യേകം തുക അനുവദിക്കുന്നതുവരെ മുട്ട, പാൽ എന്നിവയുടെ വിതരണം നിർത്തിവെക്കാൻ നിർബന്ധിരാകുമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ, പ്രസിഡൻറ് പി. കൃഷ്ണപ്രസാദ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.