ഫണ്ടില്ല; പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികൾ ഇഴയുന്നു
text_fieldsകൊച്ചി: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പട്ടികജാതി വിഭാഗങ്ങൾക്കായുള്ള വിവിധ ക്ഷേമ പദ്ധതികൾ ഇഴയുന്നു. പട്ടികജാതി വികസന വകുപ്പിന് കീഴിൽ സംസ്ഥാനതലത്തിൽ നടക്കുന്ന ക്ഷേമ പദ്ധതികളാണ് അനിശ്ചിതത്വത്തിലായത്. ഇതോടെ ഗുണഭോക്താക്കൾ ദുരിതത്തിലായി.
നിലവിൽ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് മുടക്കമില്ലാതെ നടക്കുന്നത്. ഇതോടൊപ്പമുള്ള ചികിത്സ ധനസഹായം, ഏകവരുമാന ദായകന്റെ മരണം മൂലം നിരാലംബരാകുന്ന കുടുംബത്തിനുള്ള സഹായം, പട്ടികജാതി അതിക്രമം തടയൽ ആശ്വാസ ധനസഹായം, മിശ്ര വിവാഹ ധനസഹായം തുടങ്ങി വകുപ്പിനു കീഴിലെ വിവിധ ക്ഷേമ പദ്ധതികളിലെ ധനസഹായ വിതരണമാണ് മുടങ്ങിയത്.
ചികിത്സ സഹായമായി ഒരു ലക്ഷം രൂപവരെയും വിവാഹ ധനസഹായമായി 1.25 ലക്ഷം രൂപയും മിശ്രവിവാഹ ധനസഹായമായി 75,000 രൂപയും അതിക്രമത്തിന് ഇരയാകുന്ന ഇരകൾക്കായി പരിക്കിന്റെ ആഴം അനുസരിച്ചുമാണ് ധനസഹായം നൽകുന്നത്. ഇതിൽ ഏറ്റവും കൂടുതൽ അപേക്ഷകരുള്ള ചികിത്സ സഹായ വിതരണത്തിലടക്കം അനക്കമില്ലാത്ത സ്ഥിതിയാണ്. ഈയിനത്തിൽ മാസം ആയിരത്തോളം അപേക്ഷകളാണ് സംസ്ഥാനതലത്തിൽ എത്തുന്നത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് തൊട്ട് മുകളിലുള്ള ജനപ്രതിനിധികൾ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയാൽ ഇത്തരം അപേക്ഷകൾ വകുപ്പ് മന്ത്രിയുടെ ഓഫിസിലെത്തി ഉടൻ സഹായം അനുവദിക്കുകയായിരുന്നു പതിവ്. ഇതിനായി ജില്ലതലത്തിൽ അനുവദിക്കുന്ന ഫണ്ട് ബ്ലോക്ക് പട്ടികജാതി ഓഫിസുകൾ വഴിയാണ് വിതരണം ചെയ്തിരുന്നത്. എന്നാൽ, സഹായം തേടി അപേക്ഷകർ ഓഫിസുകളിൽ എത്തുന്നുണ്ടെങ്കിലും ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞ് മടക്കുകയാണ്.
പരാതികൾ വ്യാപകമായതിനെ തുടർന്ന് ലൈഫ് പട്ടികയിലുള്ള വീടും സ്ഥലവുമില്ലാത്ത പട്ടികജാതി ഗുണഭോക്താക്കൾക്ക് സ്ഥലം വാങ്ങുന്നതിനടക്കമുളള ധനസഹായം സെപ്റ്റംബർ തൊട്ട് പുനരാരംഭിച്ചിട്ടുണ്ട്.
പഞ്ചായത്ത് പരിധിയിൽ അഞ്ച് സെന്റ് സ്ഥലത്തിന് 3,75,000 രൂപയും നഗരസഭ പരിധിയിൽ മൂന്നു സെന്റ് സ്ഥലത്തിന് 4.5 ലക്ഷവുമാണ് സർക്കാർ അനുവദിക്കുന്നത്.
നേരത്തേ ഈ ധനസഹായം മുടങ്ങിയതിനെ തുടർന്ന് പദ്ധതിക്കായി സ്ഥലം മുൻകൂർ രജിസ്റ്റർ ചെയ്ത് നൽകിയവർ പ്രതിസന്ധിയിലായത് വ്യാപക വിമർശനത്തിന് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.