യു.ഡി.എഫിനോട് വിലപേശാൻ അൻവർ വളർന്നിട്ടില്ല; ഇനി ചർച്ചയില്ലെന്ന് വി.ഡി സതീശൻ
text_fieldsപാലക്കാട്: യു.ഡി.എഫിനോട് വിലപേശാൻ പി.വി അൻവർ വളർന്നിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. വർഷങ്ങളായി നിലവിലുള്ള കേരളത്തിലുള്ള പ്രധാനപ്പെട്ട ഒരു മുന്നണിയാണ് യു.ഡി.എഫ്. അതിനോട് വിലപേശാൻ അൻവർ വളർന്നിട്ടില്ല. അൻവറുമായി ഒരു ചർച്ചയും നടന്നിട്ടില്ല. സ്ഥാനാർഥിയെ പിൻവലിക്കാൻ അഭ്യർഥിക്കണമെന്ന് അൻവർ പറഞ്ഞു. അതനുസരിച്ചാണ് അഭ്യർഥന നടത്തിയത്. വേണമെങ്കിൽ അൻവർ സ്ഥാനാർഥിയെ പിൻവലിക്കട്ടെ. അൻവറിന്റെ പാർട്ടിയുടെ സ്ഥാനാർഥിത്വം യു.ഡി.എഫിന്റെ വിജയസാധ്യതയെ ബാധിക്കില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
താനും രാഹുലും ഷാഫിയും ഒരു ടീമായി നിൽക്കുന്നവരാണ്. ഷാഫിയെ സി.പി.എമ്മും ബി.ജെ.പിയും ഭയപ്പെടുന്നത് കൊണ്ടാണ് ഇരു പാർട്ടികളും അദ്ദേഹത്തെ ലക്ഷ്യമിടുന്നത്. പാലക്കാട് നിയമസഭ മണ്ഡലത്തിൽ ഏറ്റവും ജനസമ്മിതിയുള്ള നേതാവാണ് ഷാഫി പറമ്പിലെന്നും അദ്ദേഹം പറഞ്ഞു.
പി.വി അൻവർ ചേലക്കരയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് യു.ഡി.എഫിന്റെ വിജയസാധ്യതയെ ബാധിക്കില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും. 28 വർഷത്തിന് ശേഷം ചേലക്കരയിൽ യു.ഡി.എഫ് വിജയിക്കാൻ പോവുകയാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
കഴിഞ്ഞ ദിവസം പി.വി അൻവറിനോട് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭ മണ്ഡലങ്ങളിൽ ഡി.എം.കെ സ്ഥാനാർഥികളെ പിൻവലിക്കണമെന്ന് വി.ഡി സതീശൻ അഭ്യർഥിച്ചിരുന്നു. എന്നാൽ, ചേലക്കരയിൽ യു.ഡി.എഫ് സ്ഥാനാർഥിയെ പിൻവലിച്ചാൽ പാലക്കാട് തന്റെ സ്ഥാനാർഥിയെ പിൻവലിക്കുമെന്നായിരുന്നു അൻവറിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.