ഗസറ്റ് വിജ്ഞാപനമിറങ്ങിയില്ല; വർധിപ്പിച്ച കെട്ടിടനിർമാണ ഫീസ് ഈടാക്കുന്നത് ചട്ടവിരുദ്ധം
text_fieldsതൃശൂർ: ഗസറ്റ് വിജ്ഞാപനം ഇറക്കി ചട്ടം നിലവിൽ വരുംമുമ്പേ കെട്ടിട നിർമാണ അപേക്ഷക്കും പെർമിറ്റിനും വർധിപ്പിച്ച ഫീസ് നിരക്ക് ഈടാക്കുന്നത് ചട്ടവിരുദ്ധം. ഈ മാസം 10 മുതലാണ് കെട്ടിട നിർമാണ അപേക്ഷക്കും പെർമിറ്റിനും വൻ വർധന വരുത്തിയതായി അറിയിച്ച് ഉത്തരവിറങ്ങിയത്. ഉത്തരവിന്റെ നിയമസാധുതക്കായി കേരള പഞ്ചായത്ത്-മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഗസറ്റ് വിജ്ഞാപനം ഇറങ്ങിയതുമില്ല.
എന്നാൽ, കെട്ടിടനികുതി വർധിപ്പിച്ച ഗസറ്റ് വിജ്ഞാപനം ഇറങ്ങുകയും ചെയ്തു. തദ്ദേശ സ്ഥാപന കെട്ടിട നിർമാണ ചട്ടങ്ങളിൽ ഷെഡ്യൂൾ ഒന്ന്, രണ്ട് ഉപവിഭാഗങ്ങളിൽപെടുന്നതാണ് കെട്ടിട നിർമാണ ഫീസ്, പെർമിറ്റ് ഫീസ് തുടങ്ങിയവ. അതിൽ മാറ്റം വരുത്തണമെങ്കിൽ ചട്ടത്തിൽ ഭേദഗതി വരുത്തണം.
കെട്ടിട നിർമാണാനുമതി സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ മൂന്നാം പേജിൽ മാറിയ ഫീസ് ഘടനക്കനുസരിച്ച് കെട്ടിട നിർമാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്ന് പറയുന്നുണ്ട്. അതേസമയം, പിന്നീട് മുൻകാല പ്രാബല്യത്തിൽ വിജ്ഞാപനമിറക്കിയാൽ മതിയല്ലോയെന്ന ന്യായമാണ് ഉദ്യോഗസ്ഥരിൽനിന്ന് ഉയരുന്നത്. എന്നാൽ, നടപടിക്രമം പാലിക്കാതെ ഫീസ് ഈടാക്കുന്നെന്ന പരാതി ഉയരുന്ന ഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങൾ നിയമനടപടി നേരിടേണ്ടിവന്നേക്കും.
നേരേത്ത 2008ലെ നെല്വയല്-തണ്ണീര്ത്തട നിയമത്തിൽ ഇളവ് നൽകി ഉത്തരവ് നൽകിയത് അസാധുവാക്കി കോടതി പരാമർശം വന്നപ്പോഴാണ് 2018ൽ നെൽവയൽ-തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമത്തിന്റെ വിജ്ഞാപനം വേണ്ടിവന്നത്. പുതുക്കിയ നിരക്ക് ഈടാക്കി മൂന്ന് ദിവസം പിന്നിട്ടതിനാൽ ഇതിനകം ലക്ഷങ്ങളാണ് ഈയിനത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ വന്നുചേർന്നത്.തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനത്തിൽ വൻ വർധനയാണ് കെട്ടിട നിർമാണ ഫീസ് ഉയർത്തിയതോടെ ഉണ്ടാവുക. ജനരോഷം ഭയന്ന് മാറി മാറി വന്ന സർക്കാറുകൾ കാലാകാലങ്ങളിൽ വർധന വരുത്താത്തതിനാലാണ് ഫീസ് കുത്തനെ കൂട്ടാനിടയാക്കിയത്. കാൽ നൂറ്റാണ്ടോളമായി കെട്ടിട നികുതിയിൽ വർധനയുണ്ടായിട്ടില്ല. തനത് വരുമാനത്തിൽ വർധന വരുന്നതിനാൽ പ്രതിപക്ഷ കക്ഷികൾ നേതൃത്വം നൽകുന്ന തദ്ദേശ സ്ഥാപനങ്ങൾപോലും ഫീസ് വർധനയെ എതിർത്ത് മുന്നോട്ടുവരുന്നില്ല.
വീടുകൾക്ക് ചതുരശ്ര മീറ്ററിന് 2 രൂപ വീതം നികുതി കൂടും; ആഡംബര വീടുകൾക്ക് വൻ വർധന
തിരുവനന്തപുരം: വീടുകൾക്ക് ചതുരശ്ര മീറ്ററിന് 2 രൂപ വീതം നികുതി കൂടും. ചെറിയ വീടുകൾക്ക് വർഷം ശരാശരി 150 രൂപ മുതലും വലിയ വീടുകൾക്ക് 600 രൂപ വരെയും വർധനവുണ്ടാകും. ആശുപത്രികളുടെ നികുതി ഇരട്ടിയാക്കിയും വർധിപ്പിച്ചു. കടകളുടെയും ഹോട്ടലുകളുടെയും ഓഫിസ് കെട്ടിടങ്ങളുടെയും നികുതിയിലും വൻ വർധനവാണ്. 300 ചതുരശ്ര മീറ്ററിന് മുകളിലുള്ളതും താഴെയുള്ളതും എന്ന് രണ്ടാക്കി തിരിച്ചാണ് വീടുകൾക്ക് നികുതി കൂട്ടിയത്.
പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ മേഖലകളിൽ ശരാശരി രണ്ട് രൂപയാണ് ചതുരശ്ര മീറ്ററിന് വീടുകൾക്ക് നികുതി കൂട്ടിയത്. പഞ്ചായത്തുകളിൽ ചതുരശ്രമീറ്റിനുള്ള നികുതി എട്ടുരൂപയിൽ നിന്നും പത്തായി വർധിപ്പിച്ചു. കോർപ്പറേഷനിലും മുനിസിപ്പാലിറ്റിയിലും ചെറിയ വീടുകൾക്ക് ചതുരശ്ര മീറ്ററിന് രണ്ട് രൂപയും വലിയ വീടുകൾക്ക് നാല് രൂപയും വർധിപ്പിച്ചു. ശരാശരി 160 രൂപ മുതൽ നികുതി വർധന ഉണ്ടാകും. പഞ്ചായത്തുകളിൽ ഹോട്ടൽ, ലോഡ്ജ് എന്നിവയുടെ നിരക്ക് 60 രൂപയിൽ നിന്ന് 70 രൂപയായി വർധിപ്പിച്ചു. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റിയിലും വാണിജ്യാവശ്യത്തിനുള്ള മാളുകൾക്ക് 120 രൂപയിൽ നിന്ന് 170 രൂപയാണ് നികുത വർധന.
ചെറിയ കെട്ടിടങ്ങൾക്ക് ചതുരശ്ര മീറ്ററിന് അഞ്ച് രൂപ വീതം വർധിപ്പിച്ചു. ആശുപത്രികളുടെ നികുതിയിൽ ഇരട്ടിയിലധികം വർധനയുണ്ട്. പഞ്ചായത്തുകളിൽ എട്ട് രൂപയായിരുന്നു പഴയ നിരക്ക്. 30 ആണ് പുതിയ നികുതി. നഗരപ്രദേശങ്ങളിൽ നേരത്തെ ഉണ്ടായിരുന്ന 20ൽ നിന്ന് 40 രൂപയായാണ് വർധന. മുനിസിപ്പാലിറ്റികളിൽ 35 രൂപയാണ് നിരക്ക്. മൊബൈൽ ടവർ നികുതി ചതുരശ്ര മീറ്ററിന് 500 ൽ നിന്നും 800 ആക്കി. റിസോർട്ടുകളുടെ നികുതി പഞ്ചായത്തുകളിൽ 90 ൽ നിന്നും 95 ആയി കൂട്ടി. കോർപ്പറേഷനുകളിൽ ഇത് 90 ൽ നിന്നും 100 ആക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.