‘കോളനി’ മാറിയെങ്കിലും ‘ഉന്നതി’യില്ല
text_fieldsകാസർകോട്: എസ്.സി, എസ്.ടി വിഭാഗങ്ങളുടെ അധിവാസമേഖലയെ ‘കോളനി’മുക്തമാക്കി സർക്കാർ ഉത്തരവിറക്കിയെങ്കിലും ഈ വിഭാഗത്തിൽപെട്ട രണ്ടരലക്ഷത്തോളം വിദ്യാർഥികൾക്ക് രണ്ടുവർഷമായി ഗ്രാന്റില്ല. ഹോസ്റ്റൽ ഫീസുപോലുള്ള മറ്റുചെലവുകൾ രണ്ടരവർഷമായി കിട്ടാറില്ല. ഭൂപ്രശ്ങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് സർക്കാർ ചെവികൊടുക്കുന്നുമില്ല. സഹായമില്ലാത്തതിന്റെ പേരിൽ മാത്രം പഠനമുപേക്ഷിക്കുന്ന കുട്ടികൾ ഏറെയുണ്ട്. ആദിവാസി സംഘടനകൾ മുന്നിട്ടിറങ്ങി കുട്ടികളെ സഹായിക്കാൻ രംഗത്തിറങ്ങുന്നെങ്കിലും എങ്ങുമെത്തുന്നില്ല. ‘കോളനി’ഇല്ലാതാക്കി ‘ഉന്നതി’യുൾപ്പെടെയുള്ള പേരുകൾ നൽകിയതുകൊണ്ട് മാത്രം ആദിവാസി പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന വിമർശനം ശക്തമാണ്.
കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവുമായാണ് കുട്ടികൾക്ക് ഗ്രാന്റ് ലഭിക്കുന്നത്. 2022 -23, 2023 -24 വർഷത്തെ ഗ്രാന്റാണ് കുട്ടികൾക്ക് ലഭിക്കാനുള്ളത്. 2020 -21ലാണ് തുക അവസാനമായി ലഭിച്ചത്.
മാസംതോറും ലഭിക്കുന്ന ഗവേഷണ അലവൻസ് ഏഴുമാസമായി ലഭിക്കുന്നില്ല. അതിനുപുറമെ, നിലനിൽക്കുന്ന ഭൂമിപ്രശ്നവുമുണ്ട്.
ഷോളയൂരിലെ 186 ആദിവാസി കുടുംബങ്ങൾക്ക് നൽകിയ ഭൂമി ഇപ്പോഴും മാഫിയയുടെ കൈവശമാണ്. പലതവണ റവന്യൂവകുപ്പിന് കത്തുനൽകിയെങ്കിലും നടപടിയുണ്ടായില്ല. ആറളത്തെ 2600 കുടുംബങ്ങളുടെ പട്ടയം റദ്ദാക്കിയ സർക്കാർ പുതിയവ നൽകുന്നതിന് നടപടിയെടുത്തില്ല. ‘ഫീസ് അടക്കാൻ പണമില്ലാത്തതിനാൽ എൻ.ഐ.ടിയിൽ പഠിക്കുന്ന മകന്റെയും കോട്ടയത്ത് മെഡിക്കൽ കോളജിൽ പഠിക്കുന്ന മകളുടെയും ഫീസ് അടക്കാൻ വലിയ ബുദ്ധിമുട്ടാണെന്ന് ബദിയടുക്ക ഗോൽകട്ടയിലെ എസ്.സി പ്രമോട്ടർ ശാരദ പ്രതികരിച്ചു.
കുട്ടികളെ മാനേജ്മെന്റുകൾ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ പുറത്താക്കപ്പെട്ട കുട്ടികൾക്ക് അഭയം ഒരുക്കികൊടുക്കേണ്ടിവന്നിട്ടുണ്ടെന്ന് ഗോത്രമഹാസഭ സംസ്ഥാന കോഓഡിനേറ്റർ ഗീതാനന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.