കന്യാസ്ത്രീകൾ തെരുവിലിറങ്ങാൻ കാരണം സര്‍ക്കാർ -ചെന്നിത്തല
text_fieldsകോഴിക്കോട്: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയിൽ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ കന്യാസ്ത്രീകള്‍ പ്രതിഷേധത്തിന് ഇറങ്ങില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇൗ കേസ് കൈകാര്യം ചെയ്തതിൽ സർക്കാറിന് വലിയ വീഴ്ചയുണ്ടായി. ബിഷപ് പ്രതിയാണെന്ന് പറയാന്‍ തനിക്കാവില്ലെന്നും അന്വേഷണം എത്രയുംവേഗം പൂര്‍ത്തിയാക്കി ജനങ്ങളെ നിജസ്ഥിതി അറിയിക്കേണ്ടത് സർക്കാറിെൻറ ഉത്തരവാദിത്തമാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രളയം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും ദുരിതാശ്വാസ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. സർക്കാറിെൻറ ഒത്താശയോടെ ഗുണ്ടാപ്പിരിവ് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ജീവനക്കാരിൽനിന്ന് ശമ്പളം നിർബന്ധമായി പിടിക്കുന്നത് പിടിച്ചുപറിക്ക് തുല്യമാണെന്നും കൊള്ളയാണെന്നും കോടതി പറഞ്ഞിട്ടും സർക്കാറിന് നാണമില്ല. തെറ്റു തിരുത്തുന്നില്ല. ഗുണ്ടാപ്പിരിവ് ഒത്തൊരുമയോടെയുള്ള ദുരിതാശ്വാസ പ്രവർത്തനത്തിെൻറ അന്തരീക്ഷം തകർത്തു.
ദുരിതാശ്വാസ നിധിക്ക് തുടങ്ങിയ പ്രേത്യക അക്കൗണ്ട് പിൻവലിച്ചത് ജനങ്ങളിൽ സംശയമുണ്ടാക്കി. ഇതുവരെ പുനരധിവാസത്തിന് രൂപരേഖയുണ്ടാക്കാൻപോലും സർക്കാറിനായില്ല. സംസ്ഥാന പുനർനിർമാണത്തിന് ഉന്നതതല യോഗങ്ങൾ വിളിച്ചുകൂട്ടാനോ ചർച്ചനടത്താനോ കഴിഞ്ഞില്ല. പലിശരഹിത വായ്പ നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒരു ബാങ്കും അതിന് തയാറായിട്ടില്ല.
കൂട്ടത്തോടെ ഡാമുകളിൽനിന്ന് വെള്ളം തുറന്നുവിട്ടതല്ല മഴയാണ് പ്രളയത്തിന് കാരണമെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മന്ത്രിമാർ സംസ്ഥാന താൽപര്യങ്ങളെ ഹനിക്കുകയാണ്. സ്വന്തം വീഴ്ചയിൽനിന്ന് രക്ഷപ്പെടാൻ സംസ്ഥാന സർക്കാറും നിയമമന്ത്രിയും തമിഴ്നാടിെൻറ വാദങ്ങൾക്ക് പിന്തുണ നൽകുകയാണ്. പ്രളയം സംബന്ധിച്ച് ജുഡീഷ്യൽ അേന്വഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.