സ്വർണക്കടത്തിൽ സജീവമായി സ്ത്രീകൾ; പരിശോധന സംവിധാനമില്ലാതെ കസ്റ്റംസ് അധികൃതർ
text_fieldsശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിലും കാര്‍ഗോയിലും കസ്റ്റംസ് പരിശോധനകള്‍ക്ക് അത്യാധുനിക സംവിധാനങ്ങളില്ല. കസ്റ്റംസിെൻറ കണ്ണുവെട്ടിച്ചും ഉന്നതരുടെ ഒത്താശയോടെയും സ്വര്‍ണക്കടത്തിെൻറ പ്രധാന ഹബ്ബായി തിരുവനന്തപുരം വിമാനത്താവളം മാറാന്‍ ഇതാണ് കാരണം.
വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനക്ക് ആകെയുള്ളത് ഒരു മൈറ്റല്‍ ഡിറ്റക്ടറും സ്കാനറുമാണ്. അടിവസ്ത്രത്തിനുള്ളിലും മലദ്വാരത്തിനുള്ളിലും നാപ്കിന് പാഡ് പോലെ രൂപം മാറ്റിയും സ്വര്‍ണം കടത്തുന്നു. സ്വര്‍ണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി പ്രത്യേക പൊതികളാക്കി സ്ത്രീകളുടെ ബ്രായ്ക്കുള്ളില്പോലും കൊണ്ടുവന്നിട്ടുണ്ട്. സ്ത്രീകള്‍ കള്ളക്കടത്ത് രംഗത്ത് സജീവമാകുമ്പോള്‍ ഇവരുടെ സൂക്ഷ്മ പരിശോധന പലപ്പോഴും കസ്റ്റംസ് അധികൃതര്‍ക്ക് ദുഷ്കരമാണ്.
ഇതിനുപുറമെ സ്വര്‍ണം കെമിക്കല്‍ രൂപത്തിലാക്കി കൊണ്ടുവരുന്നതും കസ്റ്റംസിന് തലവേദന സൃഷ്ടിക്കുന്നു. വിമാനത്താവളത്തില്‍ പരിശോധനക്ക് അംഗബലം കുറവാണ്. സ്ത്രീകള്‍ ഉൾപ്പെടുന്ന കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിമാനത്താവളത്തില്‍ നിയോഗിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അംഗബലം വർധിപ്പിക്കണമെന്ന ആവശ്യം ഉന്നതര്‍ മുഖവിലക്കെടുക്കാതെ പോകുന്നതും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ഗുണം ചെയ്യുന്ന അവസ്ഥയാണ്.
പരിശോധന കൂടുതല്‍ ശാസ്ത്രീയമാക്കണമെങ്കില്‍ നിലവിലുള്ള എക്സ്റേ മെഷീന് മാറ്റി കൂടുതല്‍ സൗകര്യങ്ങളുള്ള അത്യാധുനിക മെഷീന് ഉൾപ്പെടെ സംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ സ്ഥാപിക്കണം. ഇതിനുപുറമെ കാര്‍ഗോയിലും ബാഗേജുകള്‍ പരിശോധനക്ക് മതിയായ സംവിധാനങ്ങളില്ല.
പരിശോധനക്കിടെ സംശയം തോന്നിയാല്‍ ബഗേജുകള്‍ മാര്‍ക്ക് ചെയ്ത് ആ വിവരം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ അറിയിക്കണം. എന്നാല്‍, ആധുനിക സ്കാനറുകളില്ലാത്ത കാരണം ബഗേജുകളെടുക്കാന് ഉടമസ്ഥനെത്തുമ്പോള് ഇവരുടെ സാന്നിധ്യത്തില്‍ ബഗേജുകള്‍ പൊളിച്ച് മുകള്‍ഭാഗത്ത് മാത്രം പരിശോധന നടത്തി വിട്ടുകൊടുക്കാറാണ് പതിവ്. ഒരു അസിസ്റ്റൻറ് കമീഷണറുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തിനാണ് കാര്‍ഗോയുടെ പരിശോധന ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.