കോളജുകളിൽ സീറ്റുണ്ട്, തലചായ്ക്കാൻ ഇടമില്ല
text_fieldsകൊച്ചി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന പട്ടികവർഗ വിദ്യാർഥികൾ നഗരത്തിൽ താമസ സൗകര്യമില്ലാതെ ദുരിതത്തിൽ. പ്ലസ് ടു മുതൽ ബിരുദ കോഴ്സുകൾ വരെ പഠിക്കുന്ന ആദിവാസിക്കുട്ടികൾ ആശ്രയിക്കുന്നത് സ്വകാര്യ താമസയിടങ്ങളെ.
പട്ടികവർഗ വിദ്യാർഥികൾക്ക് അഞ്ചുശതമാനം സീറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും താമസയിടം ഇല്ലാത്തതിനാൽ പ്രവേശനം നേടുന്നവർ കുറവാണ്. സ്വകാര്യ ഹോസ്റ്റലുകൾ പലതും അടച്ചിരിക്കെ പരീക്ഷയും പഠനവും എങ്ങനെ മുന്നോട്ടുകൊണ്ടുപോകും എന്ന അനിശ്ചിതാവസ്ഥയിലാണ് ഇവർ. ഗ്രാമങ്ങളിൽ ഇൻറർനെറ്റ് സൗകര്യം ഇല്ലാത്തതിനാൽ നവംബർ, ഡിസംബർ മാസങ്ങളിൽ എറണാകുളത്തെത്തി സ്വകാര്യ താമസയിടങ്ങൾ തേടിയിട്ടുണ്ട് ഇവർ.
''എസ്.ടി ഹോസ്റ്റലുകൾ എറണാകുളം നഗരത്തിൽ ഇല്ല. ആദിവാസി ഗോത്രമഹാസഭക്ക് കീഴിലെ ആദിശക്തി സമ്മർ സ്കൂളിൽ 25 വിദ്യാർഥികളെ പേയിങ് െഗസ്റ്റുകളായി പലയിടങ്ങളിൽ താമസിപ്പിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി കോഴ്സുകളിൽ പഠിക്കുന്ന കുട്ടികൾ നവംബറിൽതന്നെ ഇവിടെ എത്തിയിരുന്നു'' -ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ പറഞ്ഞു.
മഹാരാജാസ്, സെൻറ് തെരേസാസ്, അക്വിനാസ്, ഭാരതമാതാ, രാജഗിരി തുടങ്ങിയ കോളജുകളിൽ ആദിവാസി വിദ്യാർഥികളുണ്ട്. വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലെ ആദിവാസി ഊരുകളിൽനിന്ന് വിദ്യാർഥികൾ നഗരത്തിലുണ്ട്. കൃത്യമായി അഡ്മിഷൻ നടന്നാൽ 500 വിദ്യാർഥികളെങ്കിലും എസ്.സി, എസ്.ടി വിഭാഗത്തിൽനിന്ന് നഗരത്തിൽ പഠിക്കാൻ എത്തും. ഏതാനും വിദ്യാർഥികൾക്ക് കോളജ് ഹോസ്റ്റലുകളിൽ പ്രവേശനം ലഭിക്കുമെങ്കിലും കൂടുതൽ പേരും സ്വന്തം താമസയിടം കണ്ടെത്തേണ്ടിവരും.
സ്വകാര്യ താമസയിടങ്ങളിൽ കഴിയുന്നവരുടെ ചെലവ് സർക്കാർ വഹിക്കുമെന്ന തീരുമാനത്തെത്തുടർന്ന് എറണാകുളത്ത് ഹോം സ്റ്റേ മാതൃകയിൽ താമസിച്ചിരുന്നവർക്ക് ആനുകൂല്യം ലഭിച്ചിരുന്നു. സർക്കാർ ഹോസ്റ്റലുകളിലെ നിരക്ക് അനുസരിച്ചാണ് ഫണ്ട്. എന്നാൽ, പട്ടികവർഗ വികസന വകുപ്പിെൻറ അംഗീകാരം ലഭിക്കുന്നത് കാത്തിരിക്കാതെ ആദിശക്തി സമ്മർ സ്കൂളിന് തങ്ങളുടെ ഇടപെടലിൽ കോളജുകളിൽ പ്രവേശനം നേടിയവർക്ക് വാസസ്ഥലം കണ്ടെത്തേണ്ടിവെന്നന്ന് ഗീതാനന്ദൻ പറഞ്ഞു. എം.എസ്.ഡബ്ല്യുവിന് പഠിക്കുന്നവർവരെ ഇവരിലുണ്ട്.
ഓൺലൈനായി അസൈൻമെൻറുകൾ സബ്മിറ്റ് ചെയ്യാൻ എറണാകുളത്ത് അവർക്ക് നിൽക്കേണ്ടിവരുന്നു. അല്ലാത്തപക്ഷം ഇവരുടെ പഠനം നിലച്ചുപോകും. സംഭാവനകൾ സ്വീകരിച്ചാണ് ഇവരുടെ കൂടുതൽ ചെലവുകളും കണ്ടെത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുലക്ഷം മുടക്കിയാൽ മൾട്ടി പർപ്പസ് ഹോസ്റ്റൽ തുറക്കാം
കൊച്ചി: എറണാകുളം ഫോർഷോർ റോഡിൽ പണിപൂർത്തിയായ ട്രൈബൽ വകുപ്പിന് കീഴിലെ പെൺകുട്ടികളുടെ മൾട്ടി പർപ്പസ് ഹോസ്റ്റൽ തുറക്കാൻ വേണ്ടത് രണ്ടുലക്ഷം രൂപ മാത്രം. വൈദ്യുതി, ജല കണക്ഷനുകൾ എടുക്കാനാണിത്. 100 പേർക്ക് താമസിക്കാൻ സൗകര്യമുള്ള കെട്ടിടത്തിൽ 80 വിദ്യാർഥികളെ പ്രവേശിപ്പിക്കാനാകും.
ഒമ്പതുകോടിയാണ് നിർമാണ ചെലവ്. മൂന്ന് നിലയിലായി 1654 സ്ക്വയർ മീറ്ററിലാണ് കെട്ടിടം. 2018 സെപ്റ്റംബറിലാണ് നിർമാണം തുടങ്ങിയത്. ജനുവരിയിൽ ഫണ്ട് ലഭിക്കുമെന്നാണ് അറിയിപ്പ് ലഭിച്ചതെന്ന് ട്രൈബൽ ഡെവലപ്മെൻറ് ഓഫിസർ അറിയിച്ചു.
2014-15 കാലയളവിൽ അംഗീകാരം നൽകിയ ആറ് ഹോസ്റ്റലിൽ ഉൾപ്പെട്ടതാണ് ഫോർഷോറിലെയും പെരുമ്പാവൂർ മുടിക്കലിലെയും ഹോസ്റ്റൽ പദ്ധതികൾ. മുടിക്കലിൽ സ്ട്രക്ചർ പൂർത്തിയായെങ്കിലും കരാറുകാരന് ബില്ല് മാറിക്കിട്ടാത്തതിനാൽ പണി പാതിവഴിയിൽ നിലച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.