വീടും ഭൂമിയുമില്ല, കൈയേറ്റത്തിന് കേസുണ്ട്; വഴിയാധാരം ഈ ആദിവാസി ജീവിതങ്ങൾ
text_fieldsകൽപറ്റ: ഒരു വശത്ത് വന്യമൃഗശല്യവും മറുവശത്ത് കുടിവെള്ള ക്ഷാമവും. ദുരിതക്കയത്തിൽ ജീവിതം തള്ളിനീക്കുകയാണ് ആനപ്പാറ കൈയേറ്റ ഭൂമിയിലെ ആദിവാസി കുടുംബങ്ങൾ. മേപ്പാടി പഞ്ചായത്തിലെ 17ാം വാർഡ് ആനപ്പാറ ഭാഗത്ത് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ മേപ്പാടി റെയ്ഞ്ചിനോട് ചേർന്നാണ് 55ഓളം കുടുംബങ്ങൾ താമസിക്കുന്നത്. മേപ്പാടി, തരിയോട്, കണിയാമ്പറ്റ, വൈത്തിരി, പടിഞ്ഞാറത്തറ പഞ്ചായത്തുകളിൽനിന്ന് എ.കെ.എസിെൻറ സഹായത്തോടെ കുടിയേറിപ്പാർത്ത ഭൂരഹിത കുടുംബങ്ങളാണിവർ.
ഒരു പതിറ്റാണ്ടു കാലമായി മിച്ചഭൂമിയിൽ കുടിൽകെട്ടി താമസിച്ചുവരുകയാണ്. നിയമപ്രകാരം ഇവർക്ക് ഭൂമി ലഭിക്കുന്നതിനുള്ള ഒരു നടപടിയും സർക്കാറിെൻറ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. കൈയേറ്റത്തിെൻറ പേരിൽ ഇവർക്കെതിരെ ഇപ്പോഴും വിവിധ കേസുകളുണ്ട്. മിച്ചഭൂമിയിലെ കുന്നിൻചരിവുകളിൽ പ്ലാസ്റ്റിക് ചാക്കുകളും ഓലയും വലിച്ചുകെട്ടിയ ചെറിയ ഷെഡ്ഡുകളിലാണ് ഭൂരിഭാഗം കുടുംബങ്ങളും കഴിയുന്നത്. കടുത്ത കുടിവെള്ള പ്രശ്നം നേരിടുന്ന പ്രദേശത്ത് ദൂരസ്ഥലങ്ങളിൽനിന്ന് തലച്ചുമടായാണ് കുടുംബങ്ങൾ കുടിവെള്ളം എത്തിക്കുന്നത്.
തൊട്ടടുത്ത വനാതിർത്തിയിൽനിന്ന് ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കുടിലുകൾക്ക് സമീപം എത്താറുണ്ട്. രാത്രിയിൽ പുറത്തിറങ്ങാൻ കഴിയാതെ ഷെഡ്ഡിൽതന്നെ കഴിഞ്ഞുകൂടുകയാണ് ഈ കുടുംബങ്ങൾ. ഭൂരിഭാഗം കുടുംബങ്ങൾക്കും പ്രാഥമിക കർമങ്ങൾ നിർവഹിക്കാനായി അടച്ചുറപ്പുള്ളൊരു ടോയ്ലറ്റുമില്ല. ഇതിനായി പുറംപോക്കിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്. വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ കുട്ടികളുടെ ഓൺലൈൻ പഠനവും കാര്യമായി നടക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.