ആര്യങ്കാവിൽ പിടികൂടിയ പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡ് കണ്ടെത്താനായില്ല
text_fieldsകൊല്ലം: ആര്യങ്കാവ് ചെക്പോസ്റ്റിൽ ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലിൽ മായമില്ലെന്ന് ഭക്ഷ്യസുരക്ഷാ റിപ്പോർട്ട്. ഭക്ഷ്യസുരക്ഷാ ലാബിൽ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് സ്ഥിരീകരിച്ചില്ല. 15,300 ലീറ്റർ പാലുമായി വന്ന ടാങ്കർലോറി അഞ്ചു ദിവസമായി പൊലീസ് കസ്റ്റഡിയിലാണ്.
അതേസമയം, മായം കണ്ടെത്താൻ കഴിയാത്തതിനാൽ പിടികൂടിയ പാൽ സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ല. കാരണം ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയാൽ ആറ് മണിക്കൂറിനകം പരിശോധിക്കണം. എന്നാലെ സാന്നിധ്യം കണ്ടെത്താനാകൂ. ഇക്കാര്യം ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തെ ലാബിൽ പരിശോധിച്ചപ്പോഴേക്ക് ആറ് മണിക്കൂർ കഴിഞ്ഞിരുന്നു.
പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ആരോപിച്ച് അഞ്ച് ദിവസം മുന്‍പാണ് ക്ഷീരവികസന വകുപ്പ് ആര്യങ്കാവില്‍ നിന്നും പാല്‍ ടാങ്കര്‍ പിടികൂടിയത്. ജനുവരി 11നാണ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല്‍ ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്.
അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും മായം കലർത്തിയ പാൽ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്. KL 31 L 9463 എന്ന ലോറിയിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍.ക്ഷീരവികസന വകുപ്പായിരുന്നു ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. എഴ് ലക്ഷം രൂപ വില വരുന്നതാണ് പാല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.