വൈദ്യുതി നിയന്ത്രണം ഉടനില്ല -മന്ത്രി; ഉപയോഗത്തില്‍ സ്വയം നിയന്ത്രണം വേണമെന്ന്
text_fieldsപാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടനില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. എന്നാല്‍, ഉപയോഗത്തില്‍ സ്വയം നിയന്ത്രണം വേണമെന്നും അദ്ദേഹം പറഞ്ഞു.
ദിവസേന 110 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിക്കുന്നത്. ഒരു ട്രാന്‍സ്‌ഫോർമറില്‍നിന്നുള്ള പല കണക്ഷനില്‍നിന്നായി കൂടുതല്‍ യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോള്‍ അവ തകരാറിലാകുന്നതാണ് വൈദ്യുതി ഇടക്കിടെ മുടങ്ങാനുള്ള കാരണമെന്നും, അപ്രഖ്യാപിത പവര്‍കട്ടല്ലെന്നും മന്ത്രി പറഞ്ഞു.
വീടുകളില്‍ എല്ലാ റൂമിലും എ.സി വന്നതോടെ ട്രാന്‍സ്‌ഫോർമറുകള്‍ക്ക് താങ്ങാനാകുന്നതിലും കൂടുതല്‍ വൈദ്യുതി ആവശ്യമായി വരുന്നു. കരാര്‍പ്രകാരമുള്ള വൈദ്യുതി ലഭിച്ചാല്‍ മറ്റു നിയന്ത്രണങ്ങളൊന്നും നടപ്പാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതി ഉപയോഗത്തിന്റെ 20 ശതമാനം മാത്രമാണ് കേരളത്തില്‍ ഉൽപാദിപ്പിക്കുന്നത്. ബാക്കി പുറത്തുനിന്ന് വാങ്ങുകയാണ്. ജലാശയങ്ങളില്‍ 34 ശതമാനം വെള്ളം മാത്രമാണ് ബാക്കിയുള്ളത്. ഇനി 90 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ജലം മാത്രമാണുള്ളത്. 52 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്ന് വാങ്ങാൻ തീരുമാനമായി. ആഭ്യന്തര ഉൽപാദനം വര്‍ധിപ്പിക്കലാണ് ക്ഷാമത്തിന് പരിഹാരം. ഉഷ്ണതരംഗത്തെ തുടർന്ന് മരിച്ചവർക്കുള്ള ധനസഹായം മന്ത്രിസഭ ചര്‍ച്ചചെയ്യുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.