പേരിനുപോലും ഓട്ടമില്ല; ഓട്ടോ തൊഴിലാളികൾ ദുരിതത്തിൽ
text_fieldsഈരാറ്റുപേട്ട: 'രാവിലെ മുതൽ രാത്രിവരെ നിന്നാലും ദിവസം 200 രൂപയാവും കിട്ടുക. 500രൂപ തികച്ച് കിട്ടിയ ദിവസം അപൂർവം. ജീവിക്കാൻ വഴിയില്ലാത്ത അവസ്ഥയാണ്'- ഈരാറ്റുപേട്ട നഗരത്തിലെ ഒട്ടോ ഡ്രൈവർ ഹാരിസ് വെള്ളാപ്പള്ളി പറയുന്നു.
വിവിധ മേഖലകളിൽ ലോക്ഡൗൺ ഇളവുകൾ വന്നിട്ടും ഓട്ടോ തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതമയമാകുന്നതിെൻറ നേർസാക്ഷ്യമാണ് ഈ ഓട്ടോഡ്രൈവറുടെ വാക്കുകൾ. ഈരാറ്റുപേട്ട നഗരത്തിൽ 500ഓളം ഒാട്ടോകൾ ഓടുന്നുണ്ട്.
ഓട്ടമില്ലാതായതോടെ പലരും മറ്റു തൊഴിൽമേഖലകൾ തേടിപ്പോവുകയാണ്. പാതയോരങ്ങളിലും മറ്റും ഓട്ടോകളിൽ പച്ചക്കറിയും പഴങ്ങളും ബിരിയാണിയും വിൽക്കുന്നവർ നിരവധിയുണ്ട്. കോവിഡ് പേടിയിൽ ഓട്ടോറിക്ഷയിൽ കയറാൻ മടിക്കുന്നതിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല. ഡ്രൈവറും യാത്രക്കാരും തമ്മിലെ സാമൂഹിക അകലം പാലിക്കാൻ ഡ്രൈവറുടെ സീറ്റിന് പിന്നിൽ പ്ലാസ്റ്റിക് കൊണ്ട് മറച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെ പേടിമാറിയിട്ടില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സിനിമ തിയറ്ററുകൾ തുടങ്ങിയവ അടഞ്ഞുകിടക്കുന്നതും അത്യാവശ്യക്കാർ മാത്രമേ ഓട്ടോകളെ ആശ്രയിക്കുന്നുള്ളൂ എന്നതുമാണ് തിരിച്ചടിയായത്. കൂടുതൽപേരും സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. രാവിലെ മുതൽ രാത്രി വൈകുംവരെ കാത്തിരുന്നാലും ചെലവുകാശ് പോലും കിട്ടുന്നില്ല. പലരുടെയും വാഹനത്തിെൻറ മാസത്തവണ വായ്പ അടവ് തെറ്റിയിട്ടുണ്ട്.
സ്വകാര്യ പണമിടപാട് കേന്ദ്രങ്ങളിൽനിന്ന് വലിയ പലിശക്ക് വായ്പയെടുത്ത് ഓട്ടോ വാങ്ങിയവർ ജപ്തിഭീഷണിയിലാണ്. ബസുകൾ പൂർണമായും ഓട്ടംതുടങ്ങിയാലേ ഓട്ടോകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടൂവെന്ന് തൊഴിലാളികൾ പറയുന്നു. വാഹന നികുതി ഇളവുകൾ നൽകണമെന്ന് ഒാട്ടോ തൊഴിലാളികൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.