വരുമാനമില്ല, റേഷൻ കാർഡില്ല; തേക്കടിയിലെ കശ്മീരി കുടുംബങ്ങളിൽ ദുരിതം പെയ്യുന്നു
text_fieldsകുമളി: 'സാമ്പത്തിക പ്രയാസം മൂലം കൂലിപ്പണിക്ക് പോകാൻ തയ്യാറാണ്.. പലരോടും ജോലി ചോദിച്ചു.. പക്ഷെ, കാശ്മീരി വ്യാപാരികളായതുകൊണ്ട് അതും ഇല്ല...' -ഷബീർ ബസാത് പറഞ്ഞു. കോവിഡിൻ്റെ വരവോടെ നിലച്ചതാണ് തേക്കടിയിലെ ടൂറിസം. ഇടയ്ക്ക് നിയന്ത്രണങ്ങളിൽ അയവു വന്നെങ്കിലും വിദേശ വിനോദ സഞ്ചാരികൾ വരാത്തത് കശ്മീരി കരകൗശല വ്യാപാരികൾക്ക് തിരിച്ചടിയായി.
വ്യാപാര സ്ഥാപനങ്ങളുടെ വാടക, വീട്ടുവാടക, കുട്ടികളുടെ പഠന ചിലവ്, കുടുംബത്തിലെ ദൈനംദിന ചിലവുകൾ... ഒന്നിനും വഴി കാണാതെ ഇരുട്ടിലാണ് തേക്കടിയിൽ അവശേഷിക്കുന്ന കശ്മീരി കുടുംബങ്ങൾ.
റേഷൻ കാർഡില്ലാത്തതിനാൽ സർക്കാറിൻ്റെ സൗജന്യ റേഷനും കിറ്റും ലഭിക്കില്ല. 1990ൽ തേക്കടിയിൽ ആദ്യമായി കശ്മീരി കരകൗശല വ്യാപാര സ്ഥാപനം ആരംഭിച്ച ഷബീർ അഹമ്മദ് നാലു പതിറ്റാണ്ടിനു ശേഷമുണ്ടായ വലിയ തിരിച്ചടിയിൽ സാമ്പത്തികമായി തകർന്നിരിക്കുന്നു. ഇപ്പോൾ ചിലവു കഴിയുന്നത് അമ്മയുടെ പെൻഷൻ തുകയും നാട്ടിൽ നിന്നും ബന്ധുക്കൾ നൽകുന്ന സഹായത്തിലുമാണെന്ന് വിഷമത്തോടെ പറയുന്നു.
ആരുടെയും മുന്നിൽ ഇതേവരെ കൈ നീട്ടിയിട്ടില്ല... പക്ഷെ, ഇപ്പോഴത്തെ സാഹചര്യത്തിൽ നാളെ എങ്ങനെ ജീവിക്കുമെന്നറിയില്ല. ഷബീർ അഹമ്മദ് പറഞ്ഞു.
കശ്മീരി വ്യാപാര സ്ഥാപനങ്ങളുടെ വരവോടെയാണ് തേക്കടി വളരെ വേഗം വികസന രംഗത്ത് സജീവമായത്. കൂടിയ തുക അഡ്വാൻസും വാടകയും നൽകി കടകളെടുക്കാൻ കശ്മീരികളെത്തിയപ്പോൾ കാടുപിടിച്ചു കിടന്ന സ്ഥലങ്ങളിൽ കെട്ടിടങ്ങൾ നിറഞ്ഞു. കോവിഡ് വലിയ തിരിച്ചടിയായതോടെ പിടിച്ചു നിൽക്കാനാവാതെ 80ലധികം കശ്മീരി കുടുംബങ്ങൾ കടയും വീടുമെല്ലാം ഉപേക്ഷിച്ച് സ്വദേശത്തേക്ക് തിരികെ പോയി.
ഷബീർ അഹമ്മദ്, ഷബീർ ബസാത് ഉൾപ്പടെ നാല് കുടുംബങ്ങളാണ് ഇപ്പോൾ തേക്കടിയിലുള്ളത്. നാല് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച വ്യാപാര സ്ഥാപനവും മക്കളുടെ പഠനവും തേക്കടിയുമായി ഇഴുകി ചേർന്ന ജീവിതവും ഉപേക്ഷിച്ച് ഇനി എങ്ങോട്ട് പോകാനെന്ന ചിന്തയാണ് ഇവിടെ തന്നെ തുടരാൻ പ്രേരിപ്പിച്ചതെന്ന് കണ്ണീരിൻ്റെ നനവോടെ ഷബീർ അഹമ്മദ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.