വിവരം നൽകിയില്ല; അസി. എക്സിക്യൂട്ടിവ് എൻജിനീയർക്ക് 5000 രൂപ പിഴ
text_fieldsമലപ്പുറം: വിവരാവകാശ അപേക്ഷയിൽ മറുപടി നൽകാതിരുന്നതിന് മലപ്പുറം ജില്ല പഞ്ചായത്ത് എൽ.എസ്.ജി.ഡി വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ സി.ആർ. മുരളീകൃഷ്ണന് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. കെ.എം. ദിലീപ് 5000 രൂപ പിഴയിട്ടു.
നാട്ടൊരുമ പൗരാവകാശ സമിതി സെക്രട്ടറിയും വാഴയൂർ സ്വദേശിയുമായ പി.പി. അബ്ദുൽ അസീസിന്‍റെ ഹരജിയിലാണ് നടപടി. കൊണ്ടോട്ടി മണ്ഡലത്തിലെ 15 സ്ഥലങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാരാഞ്ഞ് 2021 നവംബർ 11ന് അബ്ദുൽ അസീസ് ജില്ല പഞ്ചായത്തിലെ എൽ.എസ്.ജി.ഡി എക്സിക്യൂട്ടിവ് എൻജിനീയർക്ക് വിവരാവകാശ അപേക്ഷ നൽകിയിരുന്നു. വിവരാവകാശ ഓഫിസർ കൂടിയായ അസി. എക്സിക്യൂട്ടിവ് എൻജിനീയർ സി.ആർ. മുരളീകൃഷ്ണൻ അപേക്ഷ 19 ദിവസത്തിനുശേഷം പ്രവൃത്തിയുടെ നിർവഹണ ഏജൻസിയായ സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡിന് (സിൽക്ക്) അയച്ചുകൊടുത്തു.
എന്നാൽ, സിൽക്ക് ഇതുവരെ മറുപടി തന്നിട്ടില്ലെന്ന് അബ്ദുൽ അസീസിന്‍റെ ഹരജിയിൽ പറയുന്നു. പരാതിക്കാരൻ ആവശ്യപ്പെട്ട വിവരം പദ്ധതിയുടെ നിർവഹണ ഓഫിസ് എന്ന നിലയിൽ ജില്ല പഞ്ചായത്ത് എൽ.എസ്.ജി.ഡി വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയത്തിൽനിന്ന് നൽകേണ്ടതാണെന്ന് കമീഷൻ നിരീക്ഷിച്ചു. ആവശ്യപ്പെട്ട വിവരം നൽകാതിരുന്നതിനും വിവരം നൽകുന്നതിനെ തടസ്സപ്പെടുത്തിയതിനുമാണ് വിവരാവകാശ നിയമം 20 (ഒന്ന്) വകുപ്പ് പ്രകാരം അസി. എക്സിക്യൂട്ടിവ് എൻജിനീയർക്ക് 5000 രൂപ പിഴയിട്ടത്. ഉത്തരവ് കൈപ്പറ്റി 30 ദിവസത്തിനകം പിഴ അടക്കുകയും വിവരം കമീഷൻ സെക്രട്ടറിയെ അറിയിക്കുകയും വേണം. നിശ്ചിത സമയത്തിനകം പിഴയടച്ചില്ലെങ്കിൽ കമീഷൻ സെക്രട്ടറി റവന്യൂ റിക്കവറി നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.