നിക്ഷേപത്തിന് പലിശ നൽകിയില്ല; പോസ്റ്റൽ വകുപ്പിന് 5000 രൂപ പിഴ
text_fieldsകൊച്ചി: പോസ്റ്റ് ഓഫിസ് നിക്ഷേപം പുതുക്കാത്തതിന്റെ പേരിൽ വീട്ടുവേല ചെയ്ത് ജീവിക്കുന്ന സ്ത്രീക്ക് പലിശ നിഷേധിച്ച പോസ്റ്റൽ വകുപ്പിന് പിഴ വിധിച്ച് ഹൈകോടതി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സരോജയുടെ നിക്ഷേപത്തിന് കാലയളവിനനുസരിച്ച് പലിശ നൽകാനും 5000 രൂപ പിഴയൊടുക്കാനും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് നിർദേശം നൽകിയത്. ചെറിയ സ്വപ്നങ്ങൾ നിറവേറ്റാനുള്ള നിക്ഷേപത്തിന് പലിശ നിഷേധിച്ചിട്ട് ചുവപ്പുനാട ചട്ടങ്ങൾ പഠിപ്പിക്കുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പിഴശിക്ഷ കൂടി വിധിച്ചത്. 2012ൽ മുട്ടട പോസ്റ്റ് ഓഫിസിൽ നിക്ഷേപിച്ച 20,000 രൂപക്ക് പണം പിൻവലിച്ച 2021 വരെയുള്ള കാലയളവിലെ പലിശ നൽകാനാണ് ഉത്തരവ്. 5000 രൂപ പിഴയായും നൽകണം.
മുട്ടട പോസ്റ്റ് ഓഫിസിൽ 54 വയസ്സുകാരിയായ സരോജ, 2012 നവംബർ 20ന് രണ്ട് വർഷത്തേക്കാണ് 20,000 രൂപ നിക്ഷേപിച്ചത്. കാലാവധി തീരുമ്പോൾ നിക്ഷേപം പുതുക്കണമെന്ന് നിരക്ഷരയായ ഇവർക്ക് അറിയില്ലായിരുന്നു. നിക്ഷേപം പിൻവലിക്കാതിരുന്നാൽ അന്നുവരെയുള്ള പലിശ ലഭിക്കുമെന്നായിരുന്നു അവർ കരുതിയത്. കഴിഞ്ഞ വർഷം പണം പിൻവലിക്കാൻ ചെന്നപ്പോൾ രണ്ടുവർഷത്തെ പലിശയായ 1712 രൂപ മാത്രമേ ലഭിച്ചുള്ളൂ. നിക്ഷേപം പുതുക്കണമെന്ന വിവരം പോസ്റ്റ് ഓഫിസ് അധികൃതരും അറിയിച്ചില്ല. നിക്ഷേപം പിൻവലിച്ച ദിവസം വരെയുള്ള പലിശ നൽകണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.