പൊലീസ് മർദനത്തിൽ ഗുരുതര പരിക്കേറ്റ സംഭവത്തിൽ അന്വേഷണമില്ല; പ്രതിഷേധം ശക്തം
text_fieldsപയ്യോളി: പുതുവത്സരാഘോഷ പരിപാടിയോടനുബന്ധിച്ച് വയനാട് മേപ്പാടിയിൽവെച്ച് പയ്യോളി സ്വദേശിയായ യുവാവിന് പൊലീസിന്റെ ക്രൂരമർദനത്തിൽ ഗുരുതര പരിക്കേറ്റ സംഭവത്തിൽ അന്വേഷണം നടക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. പയ്യോളി കൊളാരിതാഴെ മുഹമ്മദ് ജാസിഫാണ് (25) പൊലീസ് മർദനത്തിൽ ശരീരമാസകലം ഗുരുതര പരിക്കേറ്റ് രണ്ടാഴ്ചയിലധികമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
2023 ഡിസംബർ 31ന് രാത്രി പന്ത്രണ്ടോടെ മേപ്പാടിയിൽ ചെമ്മണൂർ ജ്വല്ലറിയുടെ ബോ.ചെ. പുതുവത്സരാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ജാസിഫിനെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് സംഘം വളഞ്ഞിട്ട് മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
ശരീരത്തിന് പിറകിലും തലക്കും മർദിച്ചശേഷം നിലത്തുവീണ ജാസിഫിനെ പൊലീസ് സംഘം ബൂട്ടുകൊണ്ട് കഴുത്തിൽ ആഞ്ഞുചവിട്ടിയതു കാരണം തലയിൽനിന്ന് രക്തം വാർന്ന നിലയിലാണ് മേപ്പാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാസിഫിനെ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു, ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി സലീം മടവൂർ തുടങ്ങിയവർ സന്ദർശിച്ചിരുന്നു.
ജാസിഫിനെ മർദിച്ച മേപ്പാടി സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ചികിത്സച്ചെലവുകൾ കുറ്റവാളികളിൽനിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് മഠത്തിൽ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
കാര്യാട്ട് ഗോപാലൻ, എ.പി. റസാഖ്, എം.സി. ബഷീർ, അനിൽകുമാർ, പി.എം. അഷ്റഫ്, വി.എം. ഷാഹുൽ ഹമീദ്, എ.കെ. ബൈജു, രാജ് നാരായണൻ, എം.ടി. അബ്ദുല്ല, മുജേഷ് ശാസ്ത്രി, കെ.എം. ഷമീർ, നിസാർ കീത്താന, ടി. ഖാലിദ് തുടങ്ങിയവർ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി ചെയർപേഴ്സനായി മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സിന്ധുവിനെയും കൺവീനറായി വേണുഗോപാലൻ കുനിയിലിനെയും ട്രഷററായി ടി.പി. ലത്തീഫിനെയും തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.