പ്രധാനപ്പെട്ട ഉദ്യോഗസ്ഥരില്ല; ഊർങ്ങാട്ടിരി പഞ്ചായത്ത് ഓഫിസ് പ്രവർത്തനം അവതാളത്തിൽ
text_fields
ഊർങ്ങാട്ടിരി: പ്രധാന ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ട ഉദ്യോഗസ്ഥർ ഇല്ലാത്തതുകൊണ്ട് പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു. സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, അക്കൗണ്ടന്റ്, ഓവർസിയർ ഇല്ലാതെയാണ് ഇപ്പോൾ പ്രവർത്തനം.
മാസങ്ങൾക്കുമുമ്പ് തന്നെ പഞ്ചായത്ത് പ്രസിഡന്റ് വകുപ്പുമന്ത്രി, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർക്കും പ്രശ്നം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ല. ഉദ്യോഗസ്ഥരുടെ അഭാവം കാരണം മിക്കപദ്ധതികളും തുടങ്ങാൻപോലും സാധിക്കുന്നില്ല. അരലക്ഷത്തിനു മേലെ ജനസംഖ്യയും 80 ചതുരശ്ര കി.മീ. വിസ്തൃതിയുമുള്ള പഞ്ചായത്തിലെ പ്രവർത്തനങ്ങൾ താളംതെറ്റിയിട്ടും ബന്ധപ്പെട്ട വകുപ്പ് അധികാരികളിൽനിന്ന് വേണ്ടത്ര നടപടി ഉണ്ടാകുന്നില്ല എന്നാണ് ആക്ഷേപം. നേരേത്ത സെക്രട്ടറി നിയമനം കിട്ടി ഒരു ഉദ്യോഗസ്ഥൻ എത്തിയിരുെന്നങ്കിലും ശാരീരികപ്രശ്നങ്ങൾ കാരണം ഉടൻതന്നെ അവധിയിൽ പ്രവേശിച്ചു. അസിസ്റ്റന്റ് സെക്രട്ടറി തസ്തിക ഒഴിഞ്ഞിട്ട് ഏഴ് മാസത്തിൽ ഏറെ ആയി. ഇതുവരെ പുതിയ ആളെ നിയമിച്ചില്ല.
മാലിന്യസംസ്കരണം, ഹരിതകർമ സേന പ്രവർത്തനം, കുടുംബശ്രീ, ബഡ്സ് സ്കൂൾ ദൈനം ദിന മേൽനോട്ടം, പട്ടിക ജാതി-വർഗ പദ്ധതികളുടെ നിർവഹണം തുടങ്ങി അതിപ്രധാന ഉത്തരവാദിത്തങ്ങൾ ഉള്ള തസ്തികയാണ് അസിസ്റ്റന്റ് സെക്രട്ടറി. ഈ പ്രവർത്തനങ്ങൾ ഒക്കെതന്നേ താളംതെറ്റിയ സ്ഥിതിയിലാണ്. എൻജിനീയറിങ് വിഭാഗത്തിൽ ഒരു ഓവർസിയറുടെ തസ്തിക ഒഴിഞ്ഞുകിടന്നിട്ട് ഏകദേശം ഒരുവർഷമാവുകയാണ്.
ഈ തസ്തികയിൽ താൽക്കാലികമായി പഞ്ചായത്ത് നിത്യവേതനത്തിന് ഒരാളെ നിയമിച്ചിരിക്കുകയാണ്. ഈ വിഭാഗത്തിൽ ഒരു ക്ലർക്കിനെയും പഞ്ചായത്ത് കരാർ അടിസ്ഥാനത്തിൽ നിയമിച്ചാണ് മുന്നോട്ടുപോവുന്നത്. അതിപ്രധാനമായ അക്കൗണ്ടന്റ് പോസ്റ്റും ഒഴിഞ്ഞുകിടക്കുന്നത് ഏറെ കുഴപ്പങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.
ബന്ധപ്പെട്ട വകുപ്പുമായി നിരവധിതവണ ഇക്കാര്യം അറിയിച്ചിട്ടും ഒരുഫലവും ഉണ്ടായില്ലെന്നും ജനപ്രതിനിധികളെ കൂട്ടി സമരത്തിലേക്ക് കടക്കേണ്ടിവരുന്ന അവസ്ഥയാണ് എന്നും പഞ്ചായത്ത് പ്ലാനിങ് കമ്മിറ്റി വിലയിരുത്തി. യോഗത്തിൽ പ്രസിഡന്റ് സി. ജിഷ, വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, സ്ഥിരം സമിതി അധ്യക്ഷരായ കെ.ടി. അലീമ, കെ.ടി. മുഹമ്മദ് കുട്ടി, കെ.കെ. ഹസ്നത്ത്, പ്ലാനിങ് കമ്മിറ്റി വൈസ് ചെയർമാൻ പി.കെ. അബ്ദുറഹ്മാൻ, അംഗങ്ങൾ ആയ സൈഫുദ്ദീൻ കണ്ണനാരി, എൻ.കെ. യൂസുഫ്, അനൂപ് മൈത്ര, സി.ടി. അബ്ദുറഹ്മാൻ, സി.ടി. റഷീദ്, കെ. മുഹമ്മദ് അലി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.