ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബി.ജെ.പിക്കൊപ്പം വരില്ല; സുരേന്ദ്രൻ ആളും തരവും നോക്കി കളിക്കണം -കെ. സുധാകരൻ
text_fieldsകണ്ണൂർ: ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബി.ജെ.പിക്കൊപ്പം വരില്ലെന്നും മരിച്ചു കഴിഞ്ഞാലും അയാളുടെ ഓര്‍മകള്‍ ബി.ജെ.പിക്കെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. തന്റെ മനസ്സ് ബി.ജെ.പിക്കൊപ്പമാണെന്ന കെ. സുരേന്ദ്രന്റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവര്‍ ഇപ്പോഴും ചിരി നിര്‍ത്തിക്കാണില്ല. തന്റെ മനസ്സ് കേരള ജനതക്കൊപ്പമാണ്. സുരേന്ദ്രൻ ആളും തരവും നോക്കി കളിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എ.കെ.ജി സെന്ററില്‍ നിന്നാണ് പ്രസ്താവനകള്‍ എഴുതി നല്‍കുന്നത് എന്നതിനുള്ള നല്ല തെളിവാണ് സുരേന്ദ്രന്റെ പരാമർശം. കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കിത്തീര്‍ത്തതിനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്താവനകളെന്ന് സമകാലിക കേരള രാഷ്ട്രീയം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തോല്‍പ്പിക്കാന്‍ പിണറായി-സുരേന്ദ്ര കക്ഷികളുടെ നെട്ടോട്ടം കേരളം കണ്ടതാണ്. ഇതില്‍ നിന്നെല്ലാം മുഖം രക്ഷിക്കാന്‍ തന്റെ പ്രസംഗങ്ങളിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ഇരുകൂട്ടരും ഒരുമിച്ചു നടത്തുന്ന പന്ത് തട്ടിക്കളിയാണ് ഇപ്പോള്‍ കേരളം കാണുന്നത്. കോൺഗ്രസുകാരെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുന്ന സുരേന്ദ്രന്റെ വിടുവായത്തം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. ഇ.ഡിയെ കണ്ടാല്‍ മുട്ടുവിറക്കുന്നവരല്ല യഥാര്‍ഥ കോണ്‍ഗ്രസുകാര്‍. ഇ.ഡിയോട് പോയി പണി നോക്കാന്‍ പറഞ്ഞ സോണിയയുടെയും രാഹുലിന്റെയും അനുയായികളാണ് അവരെന്നും സുധാകരൻ പറഞ്ഞു.
ബി.ജെ.പിയെ സുഖിപ്പിക്കാന്‍ അമിത്ഷായെ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരിലുള്ള വള്ളംകളിക്ക് കോൺഗ്രസുകാർ ക്ഷണിച്ചിട്ടില്ല. കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രഥമാതിഥിയായി അമിത്ഷായെ ഇറക്കിയിട്ടില്ല. ഭരണമികവ് പഠിക്കാന്‍ ന്യൂനപക്ഷ വേട്ടയുടെ നാട്ടിലേക്ക് സര്‍ക്കാര്‍ പ്രതിനിധികളെ അയച്ചിട്ടില്ല. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ തോല്‍പ്പിക്കാന്‍ കമ്മി-സംഘി കൂട്ടായ്മ സംഘടിപ്പിച്ചിട്ടില്ല. ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ നരേന്ദ്ര മോദിക്ക് മുന്നില്‍ ശിരസ്സ് കുനിച്ചിട്ടില്ല. ഇതെല്ലാം ചെയ്ത പിണറായിയും സഖാക്കളുമാണ് സംഘി മനസ്സുള്ളവര്‍ എന്ന് കേരളത്തില്‍ ആര്‍ക്കാണറിയാത്തതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.