ന്യൂനമർദങ്ങളില്ല; തുലാവർഷം ദുർബലം
text_fieldsതൃശൂർ: ചുഴലിക്കാറ്റുകളുടെ സീസണിൽ ന്യൂനമർദങ്ങൾ ഇല്ലാത്തതിനാൽ വടക്കു - കിഴക്കൻ മൺസൂൺ (തുലാവർഷം) ദുർബലമായി തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ തരക്കേടില്ലാത്ത മഴ ലഭിച്ചതല്ലാതെ പൊതുവെ മഴ കുറവാണ്.
ഒക്ടോബറിൽ മാത്രം നാലു ന്യൂനമർദങ്ങൾ രൂപംകൊണ്ടിരുന്നു. ഇത് തെക്ക് പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) വിടവാങ്ങുന്നത് വൈകാനിടയാക്കി. തുടർന്ന് തുലാവർഷം സജീവമാകുന്നതിന് അനിവാര്യമായ ന്യൂനമർദ സാധ്യതകൾ നിഴലിക്കാത്ത സാഹചര്യമാണുള്ളത്. ഒക്ടോബറിലെ നാലടക്കം ഇൗവർഷം ഇതുവരെ 11 ന്യൂനമർദങ്ങൾ ഉണ്ടായി. ഒക്ടോബർ 28ന് തുലാവർഷം എത്തിയതിന് പിന്നാലെ ന്യൂനമർദങ്ങളൊന്നും ഉണ്ടായില്ല.
നവംബർ അവസാനവും ഡിസംബർ ആദ്യവുമാണ് നിലവിലെ സാഹചര്യത്തിൽ ന്യൂനമർദം പ്രതീക്ഷിക്കുന്നത്. തമിഴ്നാട് തീരത്തും സമാന സാഹചര്യമാണുള്ളത്. പസഫിക് സമുദ്രത്തിൽ കാലവർഷത്തിന് അനുഗുണമായ ലാലിനോ പ്രതിഭാസം നിലനിൽക്കുന്നത് തുലാവർഷത്തെ ബാധിക്കുന്ന ഒരു ഘടകമാണ്. ഒഡിഷ, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ മഴ ലഭിക്കുന്നുണ്ട്.
മൂന്ന് ദിവസങ്ങൾക്ക് ശേഷം തമിഴ്നാട് തീരത്ത് കിഴക്കൻ കാറ്റിൽ ന്യൂനമർദ പാത്തി രൂപപ്പെടുന്നതിനുള്ള സാധ്യത കാലാവസ്ഥ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ഇത് തമിഴ്നാടിനൊപ്പം കേരളത്തിലും കുറച്ച് മഴ ലഭിക്കാൻ ഇടയാക്കും. 375ന് പകരം 255 മില്ലിമീറ്റർ മഴയാണ് ഇതുവരെ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.