എത്ര കോടി നൽകിയാലും മനുഷ്യജീവന് പകരമാവില്ല -ഹൈകോടതി
text_fieldsകൊച്ചി: എത്ര കോടി രൂപ നഷ്ടപരിഹാരമായി നൽകിയാലും ഏറെ വിലപ്പെട്ട ജീവന് അതൊന്നും പകരമാവില്ലെന്ന് ഹൈകോടതി. കൊട്ടാരക്കരയിൽ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. നഷ്ടപരിഹാരമായി 25 ലക്ഷം നൽകാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജി തീർപ്പാക്കിയത്. 25 ലക്ഷമല്ല, 25 കോടിയോ 2500 കോടിയോ നൽകിയാൽപോലും മനുഷ്യജീവന് പകരമാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. മേയ് പത്തിന് വൈദ്യപരിശോധനക്ക് പൊലീസ് എത്തിച്ചയാളുടെ കുത്തേറ്റാണ് ഹൗസ് സർജൻ ഡോ. വന്ദന മരിച്ചത്.
അന്വേഷണത്തിന് ഹൈകോടതി മേൽനോട്ടം വഹിക്കണമെന്നും ആശുപത്രി ജീവനക്കാർക്ക് സംരക്ഷണം നൽകാൻ ഹൈകോടതി മാർഗനിർദേശങ്ങളുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാലാണ് ഹരജി നൽകിയിരുന്നത്. നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് കോടതിയിൽ സർക്കാർ ഹാജരാക്കിയിരുന്നു. ഇത്തരമൊരു ഹരജി നൽകാൻ ഇദ്ദേഹത്തിന് സാധിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടെങ്കിലും സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യം പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കി ഹരജി തീർപ്പാക്കുകയായിരുന്നു. നഷ്ടപരിഹാര തുക പര്യാപ്തമാണോയെന്നത് കോടതിയുടെ പരിഗണനക്ക് വരേണ്ടതല്ലെന്നും തീരുമാനമെടുക്കേണ്ടത് സർക്കാർ തന്നെയാണെന്നും വ്യക്തമാക്കി.അതേസമയം, ഹരജിയിലെ മറ്റ് ആവശ്യങ്ങൾ വിവിധ ഹരജികളായി നിലവിലുണ്ടെന്ന് കോടതി പറഞ്ഞു. പ്രതികളെ മജിസ്ട്രേറ്റിനും ഡോക്ടർമാർക്കും മുന്നിൽ ഹാജരാക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോകോൾ തയാറാക്കിവരുന്നുണ്ടെന്നും റിപ്പോർട്ട് സമർപ്പിക്കാൻ ഒരുമാസം അനുവദിക്കണമെന്നും മറ്റൊരു ഹരജിയിൽ സർക്കാർ ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച കോടതി, ഇതിന് ശേഷം ഹരജി വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. ആശുപത്രികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഓർഡിനൻസ് പുറപ്പെടുവിച്ചതായി നേരത്തേ സർക്കാർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.