ഏത് കോടതി പറഞ്ഞാലും വിഴിഞ്ഞത്ത് അദാനി കല്ലിടില്ല, കയറ്റിയ സർക്കാറിനെ താഴെയിറക്കാനുമറിയാം -ഫാ. തീയോഡോഷ്യസ്
text_fieldsഏത് കോടതി പറഞ്ഞാലും വിഴിഞ്ഞത്ത് അദാനി കല്ലിടില്ലെന്നും കേരള സർക്കാറിനെ താഴെയിറക്കാനും തങ്ങൾക്ക് അറിയാമെന്ന് ലത്തീൻ സഭാ പ്രതിനിധി ഫാ. തീയോഡോഷ്യസ്. 'മീഡിയ വൺ' ചാനലിലെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്ത് തീരശോഷണത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന 335 കുടുംബങ്ങൾക്ക് 5500 രൂപ വീതം മാസം വീടിന് വാടക നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മുട്ടത്തറയിൽ കണ്ടെത്തിയ സ്ഥലത്ത് ഫ്‌ളാറ്റ് നിർമിക്കാനും നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനിച്ചു. ഇതിനായി നിർമ്മാതാക്കളുടെ ടെൻഡർ വിളിക്കും. ദുരിത ബാധിതരുടെ പുനരധിവാസ പാക്കേജ് വേഗത്തിൽ നടപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
എന്നാൽ മന്ത്രിസഭ തീരുമാനിച്ച വീട്ടുവാടക അപര്യാപ്തമാണെന്നും തിരുവനന്തപുരം കോർപറേഷനിൽ 5500 രൂപക്ക് വീട് കിട്ടില്ലെന്നും വിഴിഞ്ഞം സമരസമിതി ചൂണ്ടിക്കാട്ടി. സർക്കാർ പാക്കേജ് അംഗീകരിക്കുന്നില്ലെന്നും ലത്തീൻ സഭാ പ്രതിനിധി ഫാ. തീയോഡോഷ്യസ് 'മീഡിയവൺ' ഫസ്റ്റ് ഡിബേറ്റിൽ വ്യക്തമാക്കി.
കൂടുതൽ കള്ളം പറഞ്ഞ് ഫലിപ്പിക്കുന്നവന്റെ വാക്ക് കേട്ട് തീരുമാനിക്കുന്ന കോടതി വിധി തങ്ങൾ സ്വീകരിക്കില്ലെന്നും വിളപ്പിൽശാലയിലും കർഷക സമരത്തിലും കോടതി വിധി എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. വിഴിഞ്ഞത്ത് ഒരു കല്ല് ഇടണമെങ്കിൽ തങ്ങളടെ പുറത്തുകൂടെ അവരുടെ ക്രെയിൻ കയറിയിറങ്ങേണ്ടി വരുമെന്നും അധികാരത്തിൽ കയറ്റിയ തങ്ങൾക്ക് ഇറക്കാനുമറിയാമെന്നും ഫാ. തീയോഡോഷ്യസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.