പണം ലഭിച്ചില്ല; നെൽകര്‍ഷകരുടെ കാത്തിരിപ്പ് തുടരുന്നു
text_fieldsകോട്ടയം: സപ്ലൈകോക്ക് നെല്ല് നല്കി ആഴ്ചകൾ പിന്നിട്ടിട്ടും പണം ലഭിക്കാതെ കര്‍ഷകര്‍. 57.96 കോടി രൂപയാണ് ജില്ലയിലെ കർഷകർക്ക് ലഭിക്കാനുള്ളത്. വിരിപ്പ് സീസണിൽ ഇതുവരെ വിവിധ പാടശേഖരങ്ങളിൽനിന്നായി 20466 ടണ്‍ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്.
6826 കര്‍ഷകരില്‍ നിന്നായിരുന്നു സംഭരണം. എന്നാല്‍, ആദ്യ ഘട്ടത്തില്‍ നെല്ല് നല്‍കിയവര്‍ക്ക് മാത്രമാണ് കൃത്യമായി പണം ലഭിച്ചത്.
ജില്ലയിൽ വിരിപ്പ് കൃഷിയിറക്കുന്ന കർഷകരുടെ എണ്ണം കുറവാണ്. എന്നിട്ടും പണം നല്കുന്ന കാര്യത്തില്‍ അധികൃതര്‍ തുടരുന്ന അലംഭാവം കര്‍ഷകരെ ആശങ്കപ്പെടുത്തുകയാണ്. ഇങ്ങനെയാണെങ്കിൽ പുഞ്ച കൃഷിയിലെന്താകുമെന്നാണ് ചോദിക്കുന്നത്. കഴിഞ്ഞവർഷം പുഞ്ചകൃഷിയിൽ തുക വിതരണം താളം തെറ്റിയിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും തുക നൽകാത്തത് വൻ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഇടയാക്കിയിരുന്നു.
അയ്മനം, ആര്‍പ്പൂക്കര, നീണ്ടൂര്‍, വെച്ചൂര്‍ പഞ്ചായത്തുകളിലാണ് വിരിപ്പ് കൃഷി സജീവമായി നടക്കുന്നത്. അയ്മനം പഞ്ചായത്തിലെ കിഴക്കേ മണിയാപറമ്പ്, മേനോന്‍കരി, കൊല്ലത്തുകരി, വി.കെ.വി. ബ്ലോക്ക്, കലുങ്കത്ര, ആര്‍പ്പൂക്കര പഞ്ചായത്തിലെ പാടിവട്ടം കറുകപ്പാടം, കേളക്കരി വാവക്കാട്, തൊള്ളായിരം, നീണ്ടൂരിലെ വിരിപ്പുകാല, വെച്ചൂരിലെ മറ്റം വിലങ്ങുചിറ തുടങ്ങിയ പാടശേഖരങ്ങളിലെ നൂറുകണക്കിന് കര്‍ഷകരാണ് പണത്തിനായി ആഴ്ചകളായി കാത്തിരിക്കുന്നത്.
തിരുവാര്‍പ്പ്, കുമരകം പഞ്ചായത്തുകളിലെ ഒരുവിഭാഗം കർഷകരും കൃഷിയിറക്കിയിരുന്നു. ഇവർക്കും പണം ലഭിക്കാനുണ്ട്. അതേസമയം, ചങ്ങനാശേരി താലൂക്കിൽനിന്നാരും സപ്ലൈകോക്ക് നെല്ല് നൽകിയിട്ടില്ല.
പണം ലഭിക്കാൻ വൈകിയോടെ കടംവാങ്ങിയാണ് പലരും പുഞ്ചകൃഷി ഇറക്കിയത്. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഇത്തവണ വിരിപ്പ് കൃഷിയില്‍ നിന്നുള്ള ഉൽപാദനം കുറഞ്ഞതും കര്‍ഷകരെ ദോഷകരമായി ബാധിച്ചിരുന്നു.
അതേസമയം, പണം ഉടൻ ലഭ്യമാക്കുമെന്ന് സപ്ലൈകോ പറഞ്ഞു. ജനുവരി ആറുവരെ നെല്ല് നൽകിയ കർഷകർക്ക് അടുത്ത ആഴ്ചയോടെ ബാങ്കുകൾ വഴി പണം നൽകും. എന്നാൽ, ഇതിനുശേഷമുള്ളവരുടെ കാര്യത്തിൽ വ്യക്തമായ മറുപടി സപ്ലൈകോ നൽകുന്നില്ല. കാനറ ബാങ്ക്, എസ്.ബി.ഐ എന്നിവരാണ് പണം വായ്പാടിസ്ഥാനത്തിൽ നൽകുന്നത്. അടുത്തയാഴ്ചയോടെ പണം നൽകുമെന്ന് ബാങ്കുകളും കർഷകരെ അറിയിക്കുന്നുണ്ട്.
പാടശേഖരങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കാൻ അഞ്ചുകോടിയുടെ പദ്ധതി
വൈക്കം: തലയാഴം, കല്ലറ ഗ്രാമപഞ്ചായത്തുകളിലെ സി.കെ.എൻ, കളപ്പുരയ്ക്കൽ കരി, മുണ്ടാർ- അഞ്ച് എന്നീ പാടശേഖരങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കാൻ അഞ്ചുകോടിയുടെ പദ്ധതി. പമ്പ് ഹൗസ് നിർമാണം, സ്ലൂയിസ് നിർമാണം, പുറംബണ്ട് സംരക്ഷിക്കാനായി കൽക്കെട്ടുകളുടെ ഉയരം കൂട്ടൽ, പുതിയ പുറംബണ്ട് നിർമാണം, വാച്ചാൽ സംരക്ഷണം, വി.സി.ബി. നിർമാണം, കല്ലറ കൃഷിഭവനിലെ വിവിധ പാടശേഖരങ്ങളിലെ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിങ്ങനെയാണ് പദ്ധതികൾ.
നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന പദ്ധതിയിലുൾപ്പെടുത്തിയാണ് അഞ്ച് കോടി ചെലവിട്ടുള്ള നിർമാണജോലികൾ.
പദ്ധതികളുടെ പൂർത്തീകരണത്തിലൂടെ വിരിപ്പ് കൃഷി സാധ്യമാകുന്നതിനൊപ്പം ഉൽപാദനം ഇരട്ടിയാക്കാനാകുമെന്നുമാണ് കൃഷിവകുപ്പിന്റെ പ്രതീക്ഷ. കാർഷിക യന്ത്രങ്ങൾ, നെല്ല്, വളം എന്നിവ സമയബന്ധിതമായി പാടശേഖരങ്ങളിലേക്ക് എത്തിക്കാനുമാകും. ബണ്ടുകൾ ബലപ്പെടുത്തുന്നതിലൂടെ മടവീഴ്ചയിൽ നിന്ന് ശാശ്വത പരിഹാരമാകും. വി.സി.ബി. നിർമ്മാണത്തിലൂടെ കൃത്യമായ ജലസേചന ജലനിർഗമന പ്രവർത്തനങ്ങൾ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കാനാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
നിർമാണോദ്ഘാടനം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തലയാഴം വാഴക്കാട് ഭഗഗ്സിങ് കലാവേദിയിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി പി. പ്രസാദ് നിർവഹിക്കും. സി.കെ. ആശ എം.എൽ.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം. പി മുഖ്യപ്രഭാഷണം നടത്തും. എക്സിക്യൂട്ടീവ് എൻജിനീയർ സി. കെ. രാജ്മോഹൻ പദ്ധതി വിശദീകരിക്കും. നെൽകൃഷിക്കാവശ്യമായ സൂഷ്മ മൂലകങ്ങൾ കാർഷിക ഡ്രോണുപയോഗിച്ച് തളിക്കുന്നതിന്റെ പ്രദർശനവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.