വയനാട്ടിലേക്ക് ഇനി ചുരം കയറേണ്ട; തുരങ്ക പാതയുടെ നിർമാണോദ്ഘാടനം നാളെ
text_fieldsകൽപ്പറ്റ: വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിർമാണോദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്ക പാത പൊതുമരാമത്ത് വകുപ്പിെൻറ നേതൃത്വത്തിൽ കിഫ്ബിയിൽനിന്നും 658 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്. കൊങ്കൺ െറയിൽവേ കോർപറേഷനെയാണ് പ്രവൃത്തി ഏൽപ്പിച്ചിരിക്കുന്നത്.
സാങ്കേതിക പഠനം മുതൽ നിർമാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കൺ റയിൽവേ കോർപറേഷൻ നിർവഹിക്കും. കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മറിപ്പുഴ സ്വർഗംകുന്നിൽനിന്നാണ് നിർദിഷ്ട തുരങ്ക പാതയുടെ തുടക്കം. ഇത് അവസാനിക്കുക കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്ക് സമീപാണ്.
മറിപ്പുഴ കുണ്ടൻതോടിൽ 70 മീറ്റർ നീളത്തിൽ രണ്ടുവരി പാലം, സ്വർഗംകുന്നിലേക്ക് രണ്ട് കിലോമീറ്റർ നീളത്തിൽ രണ്ടുവരി പാത, ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള രണ്ടുവരി തുരങ്കപാത എന്നിവയാണ് പദ്ധതിയിൽ ഉണ്ടാവുക. തുരങ്കത്തിന് ഏഴു കിലോമീറ്റർ നീളം വരുമെന്നാണ് കണക്കാക്കുന്നത്. മൂന്നുവർഷം കൊണ്ട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
തുരങ്കപാത വരുന്നതോടെ താമരശ്ശേരി ചുരത്തിലെ തിരക്ക് കുറക്കാനാകും. കൂടാതെ തെക്കൻ ജില്ലകളിൽനിന്ന് വരുന്നവർക്ക് ദൂരവും ലാഭിക്കാം. തുരങ്കപാതയിലേക്ക് എത്തിച്ചേരാൻ കോഴിക്കോട് ജില്ലയിൽ കുന്നമംഗലത്തു ദേശീയപാത 766ൽ നിന്ന് വഴിമാറി നിലവിലെ പൊതുമരാമത്തു വകുപ്പിെൻറ റോഡ് ഉപയോഗപ്പെടുത്തും.
പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ തികളാഴ്ച രാവിലെ പത്തിന് ഓൺലൈനിൽ നിർവഹിക്കും. പ്രഖ്യാപനത്തിെൻറ ഭാഗമായി തിരുവമ്പാടിയിൽ പൊതുചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്.
പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, എം.പിമാരായ രാഹുൽ ഗാന്ധി, എളമരം കരീം, എം.വി. ശ്രേയാംസ് കുമാർ, ജോർജ് എം. തോമസ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.