അങ്കണവാടികളില്‍ ഇനി വൈദ്യുത പാചകം; അംഗന്‍ജ്യോതി തിളക്കത്തില്‍ കഴക്കൂട്ടം മണ്ഡലം
text_fieldsകഴക്കൂട്ടം നിയോജകമണ്ഡലത്തിലെ അങ്കണവാടികളില്‍ ഇനി പാചകം വൈദ്യുതി ഉപയോഗിച്ച്. സംസ്ഥാനത്തെ അങ്കണവാടികളെ സമ്പൂര്‍ണ്ണ ഊര്‍ജ്ജ ക്ഷമതയുള്ളതാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, അംഗന്‍ജ്യോതി എന്ന പേരില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 198 അങ്കണവാടികള്‍ വൈദ്യുത പാചകത്തിലേക്ക് മാറ്റുന്നതിനുള്ള ഉപകരണങ്ങളുടെ വിതരണം മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു.
അങ്കണവാടി ജീവനക്കാര്‍ക്ക് പദ്ധതി വലിയ ആശ്വാസമാകുമെന്ന് മന്ത്രി പറഞ്ഞു. ശ്രീകാര്യം എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ നടന്ന പരിപാടിയില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍എ. അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ എല്ലാ അങ്കണവാടികളിലും സോളാര്‍ സ്ഥാപിക്കുന്നതിന് ശ്രമം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 33,115 അങ്കണവാടികളിലും വൈദ്യുത പാചകം ഉറപ്പുവരുത്തുകയാണ് അംഗന്‍ജ്യോതി പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഒന്നാം ഘട്ടത്തിന്റെ പൈലറ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കഴക്കൂട്ടം മണ്ഡലത്തിലെ അംഗണവാടികളില്‍ വൈദ്യുത പാചകത്തിലേക്ക് മാറ്റുന്നതിനുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തത്.
ഇന്‍ഡക്ഷന്‍ കുക്കറുകള്‍, അനുബന്ധ പാത്രങ്ങള്‍, ഊര്‍ജ്ജക്ഷമത കൂടിയ ബി.എല്‍.ഡി.സി ഫാനുകള്‍, എൽ.ഇ.ഡി ലൈറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളാണ് അങ്കണവാടികള്‍ക്ക് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ അടുത്ത ഘട്ടമായി ഈ അങ്കണവാടികളില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് രണ്ട് കിലോവാട്ട് ഗ്രിഡ് ബന്ധിത സൗരോർജ നിലയം സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.
പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രതിവര്‍ഷം ഒരു അങ്കണവാടിയില്‍ എൽ.പി.ജി ഇനത്തില്‍ 9000 രൂപയും വൈദ്യുതി ഇനത്തില്‍ 4000 രൂപയും ലാഭിക്കാം. രണ്ട് ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനും സാധിക്കും.
എനര്‍ജി മാനേജ്‌മെന്റ് സെന്ററിലെ കെ.എം.ഡി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇ.എം.സി ഡയറക്ടര്‍ ഡോക്ടര്‍ ആര്‍. ഹരികുമാര്‍, വനിതാ ശിശു വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അനീറ്റ എസ്ലിന്‍, വിവിധ വകുപ്പുകളെ ഉദ്യോഗസ്ഥര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.