ഹജ്ജ് ക്യാമ്പുകളിൽ ഇനിമുതൽ വിദേശ വിനിമയ കൗണ്ടറുകളുണ്ടാകില്ല
text_fieldsമലപ്പുറം: ഈ വർഷം മുതൽ ഹജ്ജ് ക്യാമ്പുകളിൽ വിദേശ വിനിമയ കൗണ്ടറുകളുണ്ടാകില്ല. തീർഥാടകർക്ക് യാത്രച്ചെലവിന് റിയാൽ നൽകുന്ന നടപടി ഒഴിവാക്കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
വിദേശ വിനിമയ കൗണ്ടറുകൾ ഏർപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടിവ് ഓഫിസർ സംസ്ഥാന കമ്മിറ്റികൾക്ക് ചൊവ്വാഴ്ച കത്തയച്ചു.
കുറച്ചുവർഷങ്ങളായി തീർഥാടകർ അടച്ച പണത്തിൽനിന്ന് 2100 റിയാൽ യാത്രച്ചെലവിന് ഹജ്ജ് ക്യാമ്പുകളിൽനിന്ന് വിതരണം ചെയ്തിരുന്നു. ഇനിമുതൽ തീർഥാടകർ സ്വന്തം നിലയിൽ ഈ പണം കരുതണം. ഓരോരുത്തരും 1500 സൗദി റിയാലെങ്കിലും കൈവശം വെക്കണമെന്നാണ് പുതിയ നിർദേശം.
ഇക്കാര്യം അവസരം ലഭിക്കുന്ന തീർഥാടകരെ കൃത്യമായി അറിയിക്കണമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദേശിച്ചു. കൈവശം വെക്കാവുന്ന പരമാവധി തുക റിസർവ് ബാങ്കിന്റെയും കസ്റ്റംസ് അതോറിറ്റിയുടെയും മാനദണ്ഡപ്രകാരമായിരിക്കും.
നേരേത്ത കേന്ദ്രീകൃതമായി ഹജ്ജ് കമ്മിറ്റി ബാങ്കുകളിൽനിന്ന് കുറഞ്ഞ നിരക്കിൽ ടെൻഡർ വിളിച്ചാണ് റിയാൽ കൈമാറിയിരുന്നത്.
ഇനിമുതൽ ഹാജിമാർ ഉയർന്ന നിരക്കിൽ ഇത് വാങ്ങേണ്ടിവരുമെന്നും ആവശ്യമുള്ള റിയാൽ നിലവിെല സംവിധാനത്തിലൂടെ ഹാജിമാർക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.