മെട്രോ നഗരമല്ലാത്തതിനാൽ കണ്ണൂരിൽ കൂടുതൽ വിദേശ വിമാനങ്ങൾ അനുവദിക്കില്ല
text_fieldsന്യൂഡൽഹി: മെട്രോ നഗരത്തിലല്ലാത്ത കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് വിദേശ വിമാന കമ്പനികൾക്ക് കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള പോയിന്റ് ഓഫ് കോൾ പദവി നൽകാനാവില്ലെന്ന് കേന്ദ്ര വ്യേമയാന സഹമന്ത്രി റിട്ടയേഡ് ജനറൽ വി.കെ സിങ്ങ് ജോൺ ബ്രിട്ടാസ് എം.പിയെ അറിയിച്ചു. കേരളത്തിൽ ഇപ്പോൾ തന്നെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങൾക്ക് പോയിന്റ് ഓഫ് കോൾ പദവി ഉണ്ടെന്നും കണ്ണൂരിന് കൂടി നൽകില്ലെന്നും ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കി.
വിദേശ വിമാന സർവീസുകൾക്ക് നിരവധി ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്താൻ ഇന്ത്യ അനുമതി നൽകുമ്പോഴും തിരിച്ച് ആ രാജ്യങ്ങളിലെ ഒന്നോ രണ്ടോ വിമാനത്താവളങ്ങളിലേക്ക് മാത്രമേ ഇന്ത്യൻ വിമാന കമ്പനികൾക്ക് അനുമതി നൽകുന്നുള്ളൂ എന്നും ഈ അസന്തുലിതത്വം മൂലമാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നിലപാട് എടുത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കണ്ണൂർ വിമാനത്താവളത്തിന്റെ നിലനിൽപിന് പോയിന്റ് ഓഫ് കോൾ പദവി നൽകേണ്ടത് അനിവാര്യമാണെന്നും കേന്ദ്രം നിഷേധാത്മകമായ നിലപാട് തുടരുന്നത് തികച്ചും പ്രതിഷേധാർഹമാണെന്നും ബ്രിട്ടാസ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.