ഇനി സ്റ്റേഷനിൽ കയറിയിറങ്ങേണ്ട; ‘തുണ’യുമായി പൊലീസ്
text_fieldsതിരുവനന്തപുരം: പൊതുപരിപാടികൾക്ക് ഉച്ചഭാഷിണി അനുമതി തേടാനും വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടാൽ പരാതി നൽകാനും ഇനി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങണ്ട. പൊലീസിന്റെ ‘തുണ’ പോര്‍ട്ടലില്‍ മൂന്ന് അധിക സേവനങ്ങള്‍ ലഭ്യമാക്കി കൂടുതൽ ജനപ്രിയമാക്കി. https://thuna.keralapolice.gov.in/ എന്നതാണ് പോർട്ടൽ വിലാസം.
നഷ്ടപ്പെട്ട സാധനങ്ങള്‍ സംബന്ധിച്ച് ഓൺലൈനായി പരാതി നല്‍കാം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ അന്വേഷണത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. തുടര്‍നടപടികള്‍ ഐ-കോപ്സ് എന്ന ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തും.
നഷ്ടപ്പെട്ട സാധനം അന്വേഷണത്തില്‍ കണ്ടുകിട്ടിയാല്‍ പരാതിക്കാരന് കൈമാറും. പരാതി പിന്‍വലിച്ചാല്‍ തുടര്‍നടപടി അവസാനിപ്പിക്കും. സാധനം കണ്ടെത്തിയില്ലെങ്കിൽ അത് സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷകന് നല്‍കും. ഓണ്‍ലൈൻ പരാതിയില്‍ ന്യൂനതയുണ്ടെങ്കില്‍ പരിഹരിച്ച് വീണ്ടും സമര്‍പ്പിക്കാം. പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ് ആയ പോല്‍-ആപ്പിലും ഈ സംവിധാനം നിലവില്‍വന്നു.
ജാഥകളും സമരങ്ങളും നടത്തുന്ന സംഘടനകൾ അക്കാര്യം ജില്ല പൊലീസിനെയും സ്പെഷല്‍ ബ്രാഞ്ചിനെയും ഓണ്‍ലൈനായി അറിയിക്കാനും സൗകര്യമുണ്ട്. ജില്ല പൊലീസ് ആവശ്യമായ നിർദേശങ്ങളോടെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകള്‍ക്ക് വിവരം കൈമാറും. അപേക്ഷകള്‍ക്ക് നിയമാനുസരണമുള്ള നോട്ടീസും നല്‍കും.
തുണ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തശേഷം മോട്ടോര്‍വാഹന അപകടക്കേസുകളുമായി ബന്ധപ്പെട്ട രേഖകള്‍ ഓണ്‍ലൈനില്‍ പണമടച്ച് വാങ്ങാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവസരമുണ്ട്. ചികിത്സ സര്‍ട്ടിഫിക്കറ്റ്, മുറിവ് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്, വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് തുടങ്ങി 13 തരം സര്‍ട്ടിഫിക്കറ്റുകളാണ് ഓരോ രേഖക്കും 100 രൂപ ഈടാക്കി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലഭ്യമാക്കുക.
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനും എഫ്.ഐ.ആര് കോപ്പി ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. അപേക്ഷകളുടെ നിലവിലെ അവസ്ഥ പോര്‍ട്ടലിലൂടെയും എസ്.എം.എസ് ആയും അറിയാം. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.