ഇനി വൈദ്യുതി കട്ടാകില്ല; വേണ്ടത് ജനലും വാതിലുമൊക്കെയുള്ള അടച്ചുറപ്പുള്ള വീട്
text_fieldsകോഴഞ്ചേരി (പത്തനംതിട്ട): സുമനസ്സുകളായ മലയാളികളുടെ മനസ്സ് പോലെ ആ വീട്ടിൽ ഇനി എന്നും വൈദ്യൂതി തെളിഞ്ഞുകൊണ്ടിരിക്കും. കുടിശ്ശികയായ വൈദ്യുതി കണക്ഷൻ വിഛേദിക്കരുതെന്ന കുഞ്ഞുങ്ങളുടെ അഭ്യർഥന മലയാളികൾ ഏറ്റെടുത്തു. നിലവിലെ താരിഫ് അനുസരിച്ച് അച്ഛനും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്‍റെ നാല് വർഷത്തെ വൈദ്യുതി തുക ഇലക്ട്രിസിറ്റി ബോർഡിൽ മുൻകൂർ എത്തിക്കഴിഞ്ഞു.
വൈദ്യുതി മീറ്ററിനരികിൽ വെള്ളപേപ്പറിൽ കുട്ടികൾ എഴുതി ഒട്ടിച്ച ‘ഫ്യൂസ് ഊരരുത് സാർ, ഞങ്ങൾ സ്കൂളിൽ പോകുവാ...’ അപേക്ഷ 'മാധ്യമം ഓൺൈലെനി'നും പത്രത്തിലും പ്രസിദ്ധികരിച്ചതു മുതൽ വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും നിരവധി പേരാണ് സഹായവുമായി മുന്നോട്ട് വന്നത്. പ്രമുഖ കമ്പനിയുടെ കേരളത്തിന്‍റെ ചുമതല വഹിക്കുന്ന കൊല്ലം അഞ്ചൽ സ്വദേശി വ്യാഴാഴ്ച തന്നെ ഒരുവർഷത്തെ വൈദ്യുതി തുക അടച്ചു. പത്തനംതിട്ട കോഴഞ്ചേരിയിലെ വൈദ്യുതി സെക്ഷൻ ഓഫിസുമായി ബന്ധപ്പെട്ട് പേര് വെളിപ്പെടുത്താത്ത മറ്റുള്ളവരും പണം അടച്ചിട്ടുണ്ട്. വയനാട്ടിലെ ദുരന്തഭൂമിയിൽ തുടരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും സഹായവുമായി എത്തി.
‘‘'മാധ്യമം' വാർത്ത ശ്രദ്ധയിൽപ്പെട്ടു. കുഞ്ഞുങ്ങളുടെ കുറിപ്പ് വേദനിപ്പിച്ചു. പുത്തുമലയിൽ നിന്ന് തിരിച്ചെത്തിയാൽ ഉടൻ കുഞ്ഞുങ്ങളുടെ വീട്ടിലെത്തും. അഞ്ച് കൊല്ലത്തെ പഠനച്ചെലവും രണ്ട് വർഷത്തെ വൈദ്യൂതി ബില്ലും ഏറ്റെടുക്കും. -എന്നായിരുന്നു രാഹുൽ പറഞ്ഞത്. വെള്ളിയാഴ്ച രാഹുലിന് വേണ്ടി യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികൾ രണ്ട് വർഷത്തെ പണം കൂടി അടച്ചു. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും നിരവധി പേർ ത്‍യാറായി.
പത്തനംതിട്ട ചെറുകോൽ പഞ്ചായത്തിലെ തറഭാഗം അരീക്കൽ ഭാഗത്ത് നിർധനരായ പെൺമക്കളും അച്ഛനും മാത്രമുള്ള വീട്ടിലെ ദുരവസ്ഥയാണ് കോഴഞ്ചേരി സെക്ഷനിലെ ലൈൻ മാൻ പി.എം. വിനേഷ് കുമാറിലൂടെ പുറംലോകം അറിഞ്ഞത്. കുടിശ്ശികയായ വൈദ്യുതി കണക്ഷൻ വിഛേദിക്കാൻ വീട്ടിലെത്തി വിനേഷ് കുമാർ കണ്ടത് മീറ്ററിനടുത്തായി വെള്ളപേപ്പറിൽ ഒട്ടിച്ച അപേക്ഷയും പണവും. ‘‘സാർ, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോകുവ സാർ.’’ പേപ്പറിൽ എഴുതിയിരുന്ന മൊബൈൽ നമ്പരിൽ വിളിച്ചപ്പോൾ ഫോൺ എടുത്തു. കടം വാങ്ങിയ അഞ്ഞൂറു രൂപയാണ് ഒപ്പമുള്ളതെന്നും തുക അടച്ച് വൈദ്യൂതി വിഛേദിക്കരുതെന്നും പിതാവ് അഭ്യർഥിച്ചു. സ്കൂളിൽപോകുന്നതിന് മുമ്പ് മക്കളാണ് അപേക്ഷ എഴുതിയതെന്നും പിതാവ് പറഞ്ഞു.
'മാധ്യമ'ത്തിലൂടെ വാർത്ത അറിഞ്ഞ വീട്ടിലെത്തിയവരുടെ കണ്ണ് നനയിപ്പിക്കുന്നതായിരുന്നു ആ കുടുംബത്തിന്‍റെ ജീവിത സാഹചര്യം. വാതിൽ ഇല്ലാതെ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ഏഴാം ക്ളാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന പെൺമക്കളും അച്ഛനും കഴിയുന്നത്. തയ്യൽകടയിൽ നിന്ന് കിട്ടിയ കർട്ടൻ തുണിയാണ് കതകിന് പകരം കെട്ടി മറച്ചിരിക്കുന്നത്. തികച്ചും ദരിദ്രമായ സാഹചര്യത്തിൽ കഴിയുന്ന ഇവർ പല മാസങ്ങളിലും വൈദ്യുതി വിഛേദിക്കപ്പെട്ട് ഇരുട്ട് മുറിയിൽ ദിവസങ്ങൾ കഴിയേണ്ടി വന്നിട്ടുണ്ട്. പിന്നീട് കടം വാങ്ങി തുക അടക്കും. മേൽക്കൂരയിൽ ആസ്ബസ്റ്റോസ് ഷീറ്റ് ഇട്ട വീടിന്‍റെ തറയും ഭിത്തിയും വൃത്തിയാക്കിയിട്ടില്ല.
കതകില്ലാത്ത വീട്ടിൽ മക്കളുടെ സുരക്ഷയാണ് തന്നെ അലട്ടുന്നതെന്ന് ആ അച്ഛൻ പറയുന്നു. രാത്രിയിൽ താൻ പരമാവധി ഉറങ്ങാതിരിക്കാൻ ശ്രമിക്കുമെന്നും അത് തന്നെ രോഗിയാക്കി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘‘ഭക്ഷണത്തിനും മറ്റും വകയില്ലാതെ ഞാനും മക്കളും കണ്ണോട് കണ്ണ് നോക്കിയിരിക്കാറുണ്ട്. ജീവിതം ഒരു ചോദ്യ ചിഹ്നമായി തോന്നിയപ്പോഴൊക്കെ മക്കൾ തന്ന ആത്മവിശ്വാസമാണ് മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നത്’’. മറ്റ്കുട്ടികളെപോലെ കതകും ജനലും ഒക്കെയുള്ള ഒരു വീട്ടിലിരുന്ന് പഠിക്കാൻ ആഗ്രഹമുണ്ടെന്ന് മക്കളും പറഞ്ഞു.
തയ്യൽകട തൊഴിലാളിയായ അച്ഛന്റെ തുച്ഛമായ വരുമാനത്തിലാണ് ജീവിക്കുന്നത്. മൂന്നുവർഷംമുമ്പ് മാതാവിനെ കാണാതായതോടെ അച്ഛന്റെയും മക്കളുടെയും ജീവിതം താളം തെറ്റിയിരുന്നു. കുടുംബത്തിന്‍റെ ദുരിതം അറിഞ്ഞ് മാധ്യമത്തിലും കോഴഞ്ചേരി വൈദ്യൂതി സെക്ഷൻ ഓഫിസിലൂം നിരവധി പേരാണ് സഹായ സന്നദ്ധരായി ഫോൺ വിളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.