അവശ്യസാധനങ്ങളില്ല, ശമ്പളമില്ല; എങ്കിലും സൈപ്ലകോയുടെ ആഘോഷം സൂപ്പർ
text_fieldsതിരുവനന്തപുരം: ജീവനക്കാർക്ക് കൃത്യമായി ശമ്പളമില്ലെങ്കിലും സൂപ്പർമാർക്കറ്റുകളിൽ അവശ്യ സാധനങ്ങളില്ലെങ്കിലും സിവിൽ സൈപ്ലസ് കോർപറേഷന്‍റെ 50ാം വാർഷികത്തിന്റെ കെട്ടിനും മട്ടിനും പകിട്ട് കുറവില്ല. ഇതരജില്ലകളിൽനിന്നുവരെ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് എത്തിച്ചാണ് അധികൃതർ ചടങ്ങ് കൊഴുപ്പിച്ചത്.
ഇതിനായി മുടക്കിയ പണംകൊണ്ട് ജീവനക്കാർക്ക് യഥാസമയം ശമ്പളം നൽകുകയും സൂപ്പർമാർക്കറ്റിൽ അവശ്യസാധനങ്ങൾ വാങ്ങിവെക്കുകയും ചെയ്‌തിരുന്നെങ്കിൽ ആഘോഷങ്ങൾക്ക് മാറ്റ് കൂടുമായിരുന്നു. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു.
പൊതുവിപണിയിലെ വിലക്കയറ്റത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ 1973ൽ ആരംഭിച്ച സൈപ്ലകോ പൊതുജനങ്ങൾക്ക് ഏറെ ആശ്വാസമാകുന്ന ഇടമായിരുന്നു. കുറഞ്ഞ വിലയ്ക്ക് അരിയും പഞ്ചസാരയും വെളിച്ചെണ്ണയും മുളകും മല്ലിയുമൊക്കെ വാങ്ങാനൊരിടം എന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമായിരുന്നു. പലപ്പോഴും
പൊതുവിപണയിലെ വിലവർധനക്ക് തടയിടാനും സപ്ലൈകോക്ക് കഴിഞ്ഞിട്ടുണ്ട്. കുറച്ചുകാലമായി അത്ര ആശാസ്യമായ വിവരങ്ങളല്ല അവിടെനിന്നുണ്ടാകുന്നത്.
13 ഇന പട്ടികയിലുള്ള അവശ്യ സാധനങ്ങൾപോലും സൈപ്ലകോ മാർക്കറ്റുകളിൽ കിട്ടാതായിട്ട് നാളേറെയായി. വിലക്കയറ്റം രൂക്ഷമായിട്ടും വിപണിയിൽ ഇടപെടാതെ സർക്കാർ മാറിനിൽക്കുന്നെന്ന വിമർശനം നിലനിൽക്കുന്നതിനിടെയാണ് സൈപ്ലകോയുടെ സുവർണജൂബിലി ആഘോഷമെന്നത് ശ്രദ്ധേയമാണ്.
50 ദിവസം പ്രത്യേക വിലക്കുറവ്
തിരുവനന്തപുരം: കഴിഞ്ഞ അര നൂറ്റാണ്ടുകൊണ്ട് കേരളീയരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറാൻ സപ്ലൈകോക്കു കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോ 50ാം വാർഷിക പരിപാടികളുടെ ഉദ്ഘാടനം അയ്യൻകാളി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യ-പൊതുവിതരണ മന്ത്രി അഡ്വ.ജി.ആർ. അനിൽ അധ്യക്ഷതവഹിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 50 വർഷം പ്രമാണിച്ച് സപ്ലൈകോ നടപ്പാക്കുന്ന 50-50 പദ്ധതിയുടെ ഉദ്ഘാടനവും സപ്ലൈകോ പുറത്തിറക്കുന്ന കോർപറേറ്റ് വിഡിയോയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
ജൂൺ 25 മുതൽ 50 ദിവസത്തേക്ക് സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉൽപന്നങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടെ 50 ജനപ്രിയ ഉൽപന്നങ്ങൾക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും നൽകുന്നതാണ് 50-50 പദ്ധതി.
50 ദിവസത്തേക്ക് സബ്സിഡി രഹിത സാധനങ്ങൾക്ക് 10 ശതമാനം അധിക വിലക്കുറവ് നൽകുന്ന സപ്ലൈകോ ഹാപ്പി അവേഴ്സ് ഫ്ലാഷ് സെയിൽ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ജൂൺ 25 മുതൽ 50 ദിവസത്തേക്ക് ഉച്ചക്ക് രണ്ടു മുതൽ മൂന്നു വരെയായിരിക്കും ഈ വിലക്കുറവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.