സിനിമ സെറ്റിൽ ഷാഡോ പൊലീസ് വേണ്ട; ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക കൈയിലുള്ളവർ പുറത്തുവിടണം -ഫെഫ്ക
text_fieldsകൊച്ചി: സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച ആരോപണത്തിന്‍റെ പേരിൽ സെറ്റിൽ ഷാഡോ പൊലീസിനെ നിയോഗിക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് ഫെഫ്ക. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക കൈയിലുള്ളവർ പുറത്തുവിടണം. സിനിമ മേഖലയെ മുഴുസമയം നിരീക്ഷണത്തിൽ നിർത്തുന്നതിനെ എതിർക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വെബ് സീരിസ് ചിത്രീകരണത്തിന് ഈരാറ്റുപേട്ടയിൽ എത്തിയ സംവിധായകൻ നജീം കോയയുടെ ഹോട്ടൽ മുറിയിൽ ഉന്നത എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്. എക്സൈസ് ഇന്‍റലിജൻസ് എന്ന് പറഞ്ഞെത്തിയവർ തിങ്കളാഴ്ച രാത്രി രണ്ട് മണിക്കൂറോളമാണ് പരിശോധിച്ചത്. മറ്റ് സിനിമയിൽ പ്രവർത്തിക്കുന്നവരും ഹോട്ടലിൽ താമസിക്കുന്നുണ്ടായിരുന്നു. എന്നാൽ, നജീമിന്‍റെ മുറിയിൽ മാത്രമായിരുന്നു പരിശോധന.
നജീമിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പുറത്താക്കി മുറി അകത്തുനിന്ന് പൂട്ടിയ ശേഷമാണ് 20 അംഗ സംഘം കർട്ടനടക്കം അഴിച്ച് പരിശോധിച്ചത്. നജീമിന്‍റെ കൈവശം ലഹരി മരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന എന്നായിരുന്നു വിശദീകരണം. എന്നാൽ, ഒന്നും കണ്ടെത്താനാവാതെ ക്ഷമാപണം നടത്തി സംഘം മടങ്ങി.
മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത നജീമിനെ കുടുക്കാൻ ആരോ എക്സൈസിനെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും പരാതി നൽകിയതായി വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത നജീം കോയ അറിയിച്ചു. തന്‍റെ ഭാവിയും അവസരങ്ങളും തകർക്കാൻ ശ്രമിച്ചവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.