എന്‍റെ ഭാര്യയായതിനാൽ വിഷയം ചർച്ചയാക്കേണ്ടതില്ല; കേരള വര്‍മ കോളജ് പ്രിൻസിപ്പൽ വിവാദത്തെക്കുറിച്ച് വിജയരാഘവൻ
text_fieldsകൊച്ചി: തൃശൂര്‍ കേരള വര്‍മ കോളജ് വൈസ് പ്രിന്‍സിപ്പലായി ഭാര്യ ആര്‍. ബിന്ദുവിന്‍റെ നിയമന വിവാദത്തിൽ മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘൻ. കോളജിലെ ഏറ്റവും സീനിയറാണ് ഭാര്യയെന്നും മറ്റൊരാളെ നിയമപരമായി ആ പദവിയില്‍ അവിടെ ഇരുത്താന്‍ പറ്റില്ലെന്നും അദ്ദേഹം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. തന്‍റെ ഭാര്യ ആയതുകൊണ്ട് ഈ വിഷയം ചർച്ചയാക്കേണ്ട കാര്യമില്ലെന്നും വിജയരാഘവൻ പറഞ്ഞു.
'ഭാര്യയെ കുറിച്ചൊരു സംവാദം ഇഷ്ടപ്പെടുന്ന ആളല്ല ഞാൻ. കാരണം അവർ ഒരു സ്വതന്ത്ര വ്യക്തിയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും മികച്ച വിജയത്തോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. പിന്നീട് ജെ.എൻ.യുവിൽ ഗവേഷണം നടത്തി. അതുകഴിഞ്ഞ് നാട്ടിലെത്തി ഡോക്ടറേറ്റ് നേടി. ഇപ്പോൾ ആ കോളജിലെ ഏറ്റവും സീനിയർ ആയ അധ്യാപികയാണ്. അവരല്ലാതെ മറ്റൊരാളെ നിയമപരമായി ആ പദവിയിൽ ഇരുത്താൻ പറ്റില്ല. അതില്‍ എന്നെ കക്ഷി ചേർക്കേണ്ട ആവശ്യമില്ല. എന്‍റെ ഭാര്യ ആയതുകൊണ്ട് അതു ചർച്ചയാക്കേണ്ട കാര്യമില്ല'– അദ്ദേഹം പറഞ്ഞു.
കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള കേരള വർമ കോളജിൽ വൈസ് പ്രിൻസിപ്പലായി ആർ . ബിന്ദുവിനെ നിയമിച്ചത് വിവാദത്തിന് ഇടയാക്കിയിരുന്നു. സാമ്പത്തിക ഇടപാടുളള വകുപ്പുകളുടെ സ്വതന്ത്ര ചുമതല ഉള്‍പ്പടെ നിരവധി അധികാരങ്ങള്‍ കൊടുത്താണ് ബിന്ദുവിനെ നിയമിച്ചത് എന്നായിരുന്നു ആരോപണം. പ്രൊഫ.ആര്‍.ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പല്‍ ആയി നിയമിച്ചതില്‍ പ്രതിഷേധിച്ച് പ്രൊഫ.എ.പി. ജയദേവന്‍ പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്ന് രാജിവെച്ചിരുന്നു. ബിന്ദുവിനാണ് ഇപ്പോൾ പ്രിൻസിപ്പലിന്‍റെ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.