സർക്കാർ ഓഫിസ് കയേറണ്ട, ഗസറ്റും ഓൺലൈൻ
text_fieldsതിരുവനന്തപുരം: അച്ചടിവകുപ്പ് ആധുനീകരണവുമായി ബന്ധപ്പെട്ട് കേരള ഗസറ്റ് ഓൺലൈനാകുന്നു. ഇതിന് തയാറാക്കിയ 'കംപോസ്' പ്രോജക്ട് ഉദ്ഘാടനം ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഗസറ്റ് ഓൺലൈനാകുന്നതോടെ പേരുമാറ്റം, മതം മാറ്റം, ജാതി തിരുത്തൽ, ഒപ്പ് തിരുത്തൽ എന്നിവക്ക് നേരിട്ടും അക്ഷയ സെൻറർ വഴിയും അപേക്ഷിക്കാം. ഏഴ് ദിവസത്തിനകം ഡിജിറ്റൽ സിഗ്നേച്ചറോടെ ഓൺലൈൻ ഗസറ്റ് ഇറങ്ങും. ഇവ പ്രിൻറ് എടുത്ത് ഉപയോഗിക്കാം. 38ാം നമ്പർ ഗസറ്റാകും ഓൺലൈനായി ആദ്യം ഇറങ്ങുക. 300 പേജുള്ള ഗസറ്റിെൻറ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. നാഷനൽ ഇൻഫോമാറ്റിക് സെൻറർ സഹായത്തോടെയാണ് പ്രോജക്ട്.
12 ജില്ലകളിലെ ഫോറം ഓഫിസുകൾ മുഖേനയാണ് നിലവിൽ പേരുമാറ്റം, മതംമാറ്റം, ജാതി തിരുത്തൽ എന്നിവ ഉൾപ്പെടുന്ന പാർട്ട്-4ന് അപേക്ഷ സമർപ്പിക്കുന്നത്. ഫോറം ഓഫിസുകൾ ഇല്ലാത്ത കാസർകോട്, ഇടുക്കി ജില്ലക്കാർ മറ്റ് ജില്ല ഫോറം ഓഫിസുകളിലോ തിരുവനന്തപുരത്തെ ഡയറക്ടറേറ്റിലോ എത്തിയാണ് അപേക്ഷ നൽകുന്നത്. എന്നാൽ ഒക്ടോബർ മുതൽ ഈ രണ്ട് ജില്ലക്കാർക്കും അക്ഷയ വഴിയോ നേരിട്ടോ ഓൺലൈനിലൂടെ അപേക്ഷിക്കാം.
ഗസറ്റ് ഓൺലൈനാക്കാൻ 2014 ലാണ് യു.ഡി.എഫ് സർക്കാർ 2.20 കോടി അനുവദിച്ചത്. യൂനിയനുകളുടെ എതിർപ്പും സോഫ്റ്റ്വെയർ കാലതാമസവും തിരിച്ചടിയായി. അച്ചടിവകുപ്പ് സെക്രട്ടറിയായി രാജു നാരായണസ്വാമി ചുമതലയേറ്റതോടെയാണ് ഏഴ് വർഷത്തിന് ശേഷം പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചത്. ഓൺലൈനാകുന്നതോടെ നടപടിക്രമങ്ങളിലെ താമസവും ഒഴിവാകും.
നിലവിൽ അപേക്ഷ സമർപ്പിച്ച് ഉദ്യോഗസ്ഥപരിശോധനകൾക്ക് ശേഷം 45-60 ദിവസം കഴിഞ്ഞാണ് ഗസറ്റ് പ്രസിദ്ധീകരിക്കുന്നത്. 37 ഗസറ്റുകൾ ഇറക്കേണ്ട സ്ഥാനത്ത് ഇതുവരെ 30 ഗസറ്റാണ് ഇറങ്ങിയത്. ഉദ്യോഗസ്ഥരുടെ മെെല്ലപ്പോക്കുമൂലം പി.എസ്.സിയിലും മറ്റ് സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലും യഥാസമയം രേഖകൾ ഹാജരാക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഉദ്യോഗാർഥികളും ജീവനക്കാരും.
ഓൺലൈനായി പണം അടക്കുന്നതിന് ഇ-പേമെൻറ് സംവിധാനവും തയാറായിട്ടുണ്ട്. അനന്തരാവകാശ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകൾ താലൂക്ക് ഓഫിസിൽ നിന്ന് തഹസിൽദാർക്ക് നേരിട്ട് അപ്ലോഡ് ചെയ്യാൻ സൗകര്യമുള്ളതിനാൽ മാസങ്ങളോളമുള്ള കാത്തിരിപ്പിനും അറുതിയാകും. പ്രോജക്ടിെൻറ ഭാഗമായ അസാധാരണ ഗസറ്റുകൾ ഒരുവർഷം മുമ്പ് ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.